friends

ചൊവ്വാഴ്ച

കവിതകളില്‍ പ്രസ്താവനകള്‍ നിറയുന്നു.

അടുത്തിടെ ഫേസ്ബുക്കിലെ കവിതാ ഗ്രുപ്പില്‍ ഞാന്‍ ഇട്ട ഒരു കമന്റ്‌ കുടുതല്‍ പ്രതിഷേധത്തിന്‌ ഇടയാക്കി, നല്ല കവിതകള്‍ വായിക്കാം എന്ന തോന്നലിലാണ്‌ ഞാന്‍ ഇ ഗ്രുപ്പില്‍ വന്നെതെന്നും, നല്ല കവിതകളേക്കാള്‍ സ്റ്റെയിറ്റ്‌ മെന്റുകളാണ്‌ ഏറെ കാണുന്നതെന്നുമായിരുന്നു എന്റെ പോസ്റ്റ്‌, അപ്പോള്‍ അത്‌ ഗ്രൂപ്പിനെ അപമാനിക്കലായ്‌ മാറിയെന്നും ശക്ത്മായ പ്രതിഷേധ കമന്റുകള്‍ ഉണ്ടാവുകയും ചെയ്തു, വ്യക്തി പരമായ ആക്ഷേപങ്ങള്‍ പോലും ഞാന്‍ കേള്‍ക്കേണ്ടി വന്നു, ഇങ്ങനെയൊക്കെ പറയുന്ന താങ്കള്‍ നല്ല ഒരു കവിത പോസ്റ്റ്‌ ചെയ്യുക എന്നായി ചിലര്‍, ഞാന്‍ നല്ല കവിത എഴുതുന്ന ആളാണ്‌ എന്ന് എവിടെയും അവകാശപ്പെട്ടിട്ടില്ല എന്നായി ഞാന്‍, എങ്കില്‍ പിന്നെ ഇത്തരം വിമര്‍ശനങ്ങളില്‍ കാര്യമുണ്ടൊ എന്നാണ്‌ സംശയം,ഞാന്‍ അടക്കമുള്ള കവിതാ പ്രേമികളെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്‌, എനിക്ക്‌ ആത്മ വിമര്‍ശനം നടത്തുകയും മറ്റു എഴുത്തുകാരുടെ രചനകളില്‍ അഭിപ്രായം പറയുകയും ചെയ്യാം, മറ്റുള്ളവര്‍ക്ക്‌ തിരിച്ചും.

കവിതകളുടെ ബഹളമയത്തില്‍ ഇ പോക്ക്‌ എങ്ങോട്ടാണ്‌ ഒരു പിടിയും കിട്ടാത്ത അവസ്ഥയുണ്ട്‌, പദ്യവും കവിതയും ഒന്നാണൊ, ഗദ്യത്തില്‍ കുറച്ച്‌ സ്റ്റയിറ്റ്‌ മെന്റുകള്‍ എഴുതിവെച്ചാല്‍ കവിതയാകുമൊ, പണ്ടത്തെ പഴഞ്ചൊല്ലുകളെ ആരെങ്കിലും കവിത എന്ന് വിളിച്ചിരുന്നോ, അത്തരം സൃഷ്ടികളല്ലെ ഇന്ന് പോസ്റ്റ്‌ മോഡേണ്‍ കവിതകള്‍, സത്യത്തില്‍ ഞാനും അത്തരം കവിതകള്‍ എഴുതിയിട്ടുണ്ട്‌, വായിച്ചിട്ടുണ്ട്‌, എങ്കിലും എന്റെ ഉള്ളിന്റെ ഉള്ളിലെ വികാരം മറ്റൊന്നാണ്‌, അതൊന്നും നല്ല കവിതകളല്ല, ഒരു ചെറു നിമിഷത്തിലേക്ക്‌ നല്‍കുന്ന സ്പാര്‍ക്ക്‌ നസ്‌ മാത്രമെ ഇത്തരം കവിതകളിലുള്ളു, സ്ഥായിയായ ആസ്വദന സൌന്ദര്യം ഇത്തരം കവിതകളില്ല, അത്‌ കൊണ്ട്‌ തന്നെ നില നില്‍പ്പില്ല.

പദ്യവും ഗദ്യവും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുന്നത്‌ ഭാഷയ്ക്ക്‌ ഗുണകരമാണോ,താളബദ്ധമായ ഭാഷ പദ്യം.നിയതമായ താളക്രമമില്ലാത്തവ ഗദ്യം. വൃത്തബദ്ധമോ സംഗീതാത്മകമോ ആയ ഭാഷയ്ക്കു നിയതമായ ഒരു താളമുണ്ടാവും. ക്രമമായ ആരോഹണ അവരോഹണത്തോടെ അതു തുടങ്ങിയിടത്തു തന്നെ വന്നു നില്‍ക്കുകയും ചെയ്യുന്നു.പിന്നേയും തുടരുന്നു.അതായതു ഒരു ചക്രം വ്യവസ്ഥിത സംഖ്യയിലും വേഗക്രമത്തിലും ഒരു വട്ടംപൂര്‍ത്തിയാക്കുന്ന അതേപ്രക്രിയ തന്നെയാണു പദ്യത്തില്‍ വൃത്തവും ചെയ്യുന്നത്‌.

വൃത്തം പദ്യത്തിനു താളാത്മകത കൊടുക്കുന്നു.പദ്യത്തിനു ഈ താളക്രമമുള്ളതിനാല്‍ അത്‌ ശ്രവണ സുന്ദരമാവുന്നു.രസനിബദ്ധമാവുന്നു. ഇങ്ങനെ സുന്ദരമായി പദ്യം നിര്‍മ്മിയ്ക്കുന്നതിന്‌ നാം ഉപയോഗിക്കുന്ന തോതാണ്‌ വൃത്തം..പദവിന്യാസത്തിലുള്ള താളവും ഔചിത്യവും വഴി പദ്യം നമ്മളില്‍ കൗതുകം,ആനന്ദം,വിസ്മയം എന്നിവ ജനിപ്പിക്കുകയും ചെയ്യുന്നു.

ഒരു കാലത്ത്‌ വരേണ്യ വര്‍ഗ്ഗം മാത്രം കൈകാര്യം ചെയ്തിരുന്നതാണ്‌ ഭാഷാ വ്രത്തവും , സംസ്ക്രത വ്രത്തവും എന്നുള്ളത്‌ കൊണ്ടാണ്‌ അത്തരം കൃതികള്‍ ജനകിയമാകാതിരുന്നത്‌ എന്നുള്ളത്‌ വസ്തുതയാണെങ്കിലും, മാറിയ കാലഘട്ടത്തില്‍ പുതു തലമുറ വ്രത്ത ശസ്ത്രത്തില്‍ നൈപുണ്യം നേടി, ഭാഷയെ കുടുതല്‍ പഠിച്ച്‌, താളാത്മകതയും , കവ്യാത്മകതയുമായ രചനകള്‍ നടത്തേണ്ടതല്ലെ, അതിനുള്ള സാഹചര്യം സമകാലികത്തില്‍ തുലോം കുറവായികൊണ്ടിരിക്കയാണ്‌.

ചിലര്‍ പറയുന്നു ഭാഷ നശിക്കുന്നില്ല വളരുന്നു എന്ന്, എങ്ങോട്ടാണ്‌ വളരുന്നത്‌ എന്ന് ശ്രദ്ധിച്ചാല്‍ അത്‌ സാങ്കേതികത്വത്തില്‍ മാത്രമല്ലെ ഉള്ളു എന്ന് മനസിലാകും, മലയാളിയുടെ സാമൂഹിക ജീവിതം സാമാന്യവത്‌കരിച്ചു കൊണ്ടിരിക്കുന്നത്‌ ഷണ്ഡീക്രതമായി കൊണ്ടിരിക്കുന്ന മലയാളത്തിലാണന്ന് മനസ്സിലാകും, അതിന്‌ തടയിടാന്‍ ഭാഷ സ്നേഹികള്‍ മുന്നിട്ടിറങ്ങണം, എഴുത്തുകാര്‍ മുന്നിട്ടിറങ്ങണം.


9 അഭിപ്രായങ്ങൾ:

  1. നല്ല ഒരു വിലയിരുത്തൽ.
    ഇങ്ങനെ ഒരു വിലയിരുത്തലിന് ഇന്നാരും തുനിയുന്നില്ല.
    അതാണ് ദൌർഭാഗ്യകരമായ വസ്തുത.
    കേട്ടു പഴകിയ അല്ലെങ്കിൽ എനിക്കറിയാവുന്ന മീറ്ററിൽ മാത്രമേ പദ്യമാകാവൂ എന്ന ഒരു കടുമ്പിടുത്തവും ഈ അവസ്ഥയ്ക്ക് എണ്ണയൊഴിച്ചു കൊടുത്തു.
    “ഭാഷയെ കുടുതല്‍ പഠിച്ച്‌, താളാത്മകതയും , കവ്യാത്മകതയുമായ രചനകള്‍ നടത്തേണ്ടതല്ലെ“
    അതെ.
    “സുന്ദരമായി പദ്യം നിര്‍മ്മിയ്ക്കുന്നതിന്‌ നാം ഉപയോഗിക്കുന്ന തോതാണ്‌ വൃത്തം.“
    അതെ.
    “താളാത്മകതയും , കവ്യാത്മകതയുമായ രചനകള്‍“ പുതിയ തലമുറ ഇഷ്ടപ്പെടുമെന്ന് പ്രത്യാശിക്കാം...

    മറുപടിഇല്ലാതാക്കൂ
  2. ഗദ്യം = മാത്ര, അക്ഷരം ഇവ സംബന്ധിച്ച യാതൊരു നിബന്ധനയും കൂടാതെയുള്ള ലേഖം.

    പദ്യം = അക്ഷരം, മാത്ര ഇവയുടെ ക്രമത്തോടു കൂടിയ പാദങ്ങള്‍ ഉള്ള കൃതി.

    കവിത = “മനോവികാരങ്ങളെ പ്രതിപാദിക്കുന്ന കല, അവയെ ഇളക്കി ഹൃദയത്തിനു സംസ്കാരം വരുത്തുന്ന പദസമൂഹം. കവിതയ്ക്കു പ്രധാനമായി വാസന, കല്പനാശക്തി, ലോകജ്ഞാനം, ബുദ്ധി, പദപരിചയം ഇത്രയും ആവശ്യം“ എന്ന് ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയില്‍ പറയുന്നു.

    കവിത പദ്യ രൂപത്തിലായിരുന്നു പഴയ കാലത്ത്. (ആയുര്‍വ്വേദ ചികിത്സാ വിധികളടക്കം പഴയ കാലത്തെ നിരവധി ഗ്രന്ഥങ്ങള്‍ പദ്യരൂപത്തിലായിരുന്നു). പുസ്തകങ്ങള്‍ പ്രചുര പ്രചാരത്തിലില്ലായിരുന്ന ഒരു കാലത്ത് കേട്ടു പഠിക്കാനും ഓര്‍മ്മയില്‍ വയ്ക്കാനും ഇതായിരുന്നു സൌകര്യം.

    കവിത വളര്‍ന്നപ്പോള്‍ അതിനു നിയതമായ ഒരു ചട്ടക്കൂടുണ്ടെങ്കില്‍ നന്നായിരിക്കുമെന്ന് ചില ഭാഷാപ്രേമികള്‍ക്കു തോന്നി. അത് വൃത്തങ്ങളുടെ സൃഷ്ടിക്ക് കാരണമായി. കവിത പിന്നെയും വളര്‍ന്നു. അതു വൃത്തത്തിന്റെ ചട്ടക്കൂടിനു പുറത്തേക്കൊഴുകി. എതിര്‍പ്പുകളുടെ ഘോഷയാത്ര തന്നെ ഉണ്ടായി. വൃത്തത്തിലെഴുതിയാലേ കവിതയാകൂ എന്നില്ലെന്ന് കാലം തെളിയിച്ചു. കാലത്തിനനുസരിച്ച് വായനാ സങ്കേതങ്ങളും മാറിക്കൊണ്ടിരിക്കുന്നു.

    ഇന്ന വിധത്തിലേ എഴുതാവൂ എന്ന ശാഠ്യം കവിതയുടെ വളര്‍ച്ചയ്ക്ക് യോജിച്ചതല്ല. ഗദ്യത്തിലെഴുതിയാലും, പദ്യത്തിലെഴുതിയാലും വായനക്കരനില്‍ ഒരനുഭൂതിയും ഉണര്‍ത്താന്‍ കഴിയാത്ത സൃഷ്ടി കവിതയാകുന്നുമില്ല.

    പുതിയ തലമുറ വൃത്തം പഠിച്ചതിനു ശേഷം കവിതയെഴുതാന്‍ തുടങ്ങുക എന്നത് പ്രായോഗികമല്ല. ഇനി ആര്‍ക്കെങ്കിലും അങ്ങിനെ വേണമെന്നുണ്ടെങ്കില്‍ അതിനു യാതൊരു തടസ്സവുമില്ല. നേരെ ചൊവ്വെ അക്ഷരത്തെറ്റില്ലാതെ ഭാഷ കൈകാര്യം ചെയ്യാന്‍ പഠിക്കുക എന്നതാണ് ഭാഷയ്ക്കു വേണ്ടി നമ്മള്‍ അടിയന്തിരമായി
    ചെയ്യേണ്ടിയിരിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  3. മോഹന്‍ പുത്തന്‍ചിറ (thuneeram),സര്‍, താങ്കളുടെ വിജ്ണാനപ്രദമായ കമന്റ്‌ ഇവിടെ നല്‍കിയതിന്‌ നന്ദിയുണ്ട്‌,

    മറുപടിഇല്ലാതാക്കൂ
  4. കലാവല്ലഭന്‍ സര്‍, അതെ പഠനത്തിനായ്‌ പുതു തലമുറ മുന്നിട്ടിറങ്ങും എന്ന് പ്രതീക്ഷിക്കാം.

    മറുപടിഇല്ലാതാക്കൂ
  5. ഇന്ന് കവിതാരചനയില്‍ കുറേ മാറ്റങ്ങള്‍ ഉടലെടുത്തു തുടങ്ങി..ആധുനികതയില്‍ നിന്നും അത്യന്താധുനികതയിലേക്ക്..
    വ്രുത്താലങ്കാരങ്ങള്‍ക്ക് പ്രസക്തിയില്ലാതായി..ചെറിയവാക്കുകളി ലൂടെ വലിയകാര്യങ്ങള്‍ ചുരുങ്ങിയ വരികളില്‍ പ്രത്യക്ഷപ്പെടുന്നു.
    എന്തുകൊണ്ടാണ് വ്രുത്താലങ്കാരങ്ങള്‍ക്ക് പ്രസക്തിയില്ലാതാവുന്നത്?
    ഒരു പക്ഷെ പഠിച്ചെടുത്ത് പ്രയോഗിക്കാനുള്ള മടി ആയിരിക്കണം..
    ആശംസകളോടെ
    എംകെ നമ്പിയാര്‍

    മറുപടിഇല്ലാതാക്കൂ
  6. ആധുനിക ജീവിതത്തിന്റെ അതി സങ്കീര്‍ണ്ണതകളെ പൂര്‍ണ്ണതയോടെ ആവിഷ്കരിക്കാന്‍ വൃത്തം പലപ്പോഴും തടസമാകുന്നു എന്നു തോന്നിയപ്പോഴാണ് പലരും വൃത്തത്തിന് പുറത്ത് കടന്നത്.ട്യൂണിട്ട് പാട്ടെഴുതുന്നത് പോലെയാണ് വൃത്തത്തിലെഴുത്ത് പലപ്പോഴും.അരികുകള്‍ ചെത്തുത്തേക്കുമ്പോള്‍ സുന്ദരമാകും.പക്ഷെ കവിതയുടെ മുന/മൂര്‍ച്ച അപ്രത്യക്ഷമാകും.പ്രായേണ ലളിതജീവിത പദപ്രശ്നങ്ങളെയായിരുന്നു വൃത്ത പദ്യ രചന ഉപയോഗിച്ചത് എന്നു തൊന്നുന്നു.

    വൃത്തം പഠിക്കലും അതിലെഴുതലും ഈ വിചാരിക്കുന്നത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല കേട്ടോ

    മറുപടിഇല്ലാതാക്കൂ
  7. but, i completely agree with what u said about facebook kavithakal.

    മറുപടിഇല്ലാതാക്കൂ
  8. സ്റ്റേറ്റ്മെന്റ് അഥവ പ്രസ്താവനകള്‍ കവിതയാകില്ല.
    ഇന്നു പലതും അങ്ങനെ തന്നെ. താങ്ങളുടെ
    നിരീക്ഷണം ശരിയാണു്.സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം
    ഇതു പ്രസ്താവനയാണു്. അര്‍ത്ഥമിതെന്തേ?
    സ്വന്തമെന്ന പദത്തിനു ഇതു കവിത

    മറുപടിഇല്ലാതാക്കൂ
  9. എന്റെ അഭിപ്രായത്തോട്‌ വിയോജിപ്പ്‌ പ്രകടിപ്പിക്കുന്നവര്‍ പോലും അംഗീകരിക്കുന്ന ഒരു കാര്യം ഉണ്ട്‌, മലയാള ഭാഷയുടെ ദയനീയ അവസ്ഥ, മോഹന്‍ പുത്തന്‍ചിറ സാറിന്റെ കമന്റ്‌ ഒന്ന് പരിശോധിച്ചു നോക്കു, അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ പഠിക്കുക എന്നതാണ്‌ ഭാഷയോട്‌ കാണിക്കേണ്ടുന്ന ആത്യന്തികമായ കര്‍ത്തവ്യമായി മാറിയിരിക്കുന്നു എന്ന് പറയുമ്പോള്‍ ഇങ്ങിനെ ഒരു അവസ്ഥാ വിശേഷത്തിലേക്ക്‌ എത്തിപ്പെട്ടതിനെ കുറിച്ച്‌ ചിന്തിക്കേണ്ടിയിരിക്കുന്നു, ഞാന്‍ അടക്കമുള്ള തലമുറയ്ക്ക്‌ ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരുന്നത്‌, പുരോഗമന ഭാഷ മുന്നേറ്റം എന്ന് കൊട്ടിഘോഷിക്കപ്പെടുമ്പോഴും സംഭവിച്ചിരിക്കുന്നത്‌ ഉപരിപ്ലവമായ പരിവര്‍ത്തനം മാത്രമാണന്ന് മനസിലാകും, പഴമയിലെ നന്മയെ നിരാകരിച്ച്‌ പുത്തന്‍ ഭാഷ സംസ്ക്കാരം സൃഷ്ടിക്കുമ്പോള്‍ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വരും.

    ഹാരിസ്‌ പറയുന്നത്‌ സമകാലിക സംഭവ വികാസങ്ങളെ വ്രത്തത്തിന്റെ ചട്ടകുടില്‍ എഴുതാന്‍ പറ്റില്ല അത്‌ കൊണ്ടാണ്‌ പുറത്തേക്ക്‌ വന്നതെന്ന്, ഗദ്യത്തിലെഴുതുമ്പോഴാണ്‌ മൂര്‍ച്ച നിറഞ്ഞ ശരങ്ങള്‍ സ്രഷ്ടിക്കാനാകും, ഇവിടെ ചര്‍ച്ച ചെയ്യേണ്ടത്‌ ഭാഷയുടെ ഭാവാത്മകതെയെയാണ്‌, കവിത ശന്തമായി ഒഴുകുന്ന പുഴ പോലെ മനോഹരമായ അനുഭൂതി അനുവാചകന്‌ നല്‍കാന്‍ സാധ്യമാണെന്നത്‌ പോലെ തന്നെ, എട്ട്‌ ദിക്കും അട്ടഹസിക്കുവാനും കവിതയ്ക്ക്‌ കഴിയും, എഴുത്തുകാരന്റെ അഭിരുചിയും സര്‍ഗാത്മകതയുമാണ്‌ അതിന്നാധാരം.

    ഗദ്യ കവിതകളെ മോശം കവിതകള്‍ എന്ന് ചിത്രീകരിക്കാനല്ല എന്റെ ശ്രമം, ഇന്ന് ബഹു ഭൂരിപക്ഷവും ഗദ്യ കവിതകളുടെ ആള്‍ക്കാരാണ്‌, ഗദ്യ കവിതകളുടെ ബാഹുല്യമാണ്‌ ചുറ്റുപാടിലും, സ്റ്റയിറ്റ്‌ മെന്റ്‌ പോലെ എന്തൊക്കെയോ എഴുതി വെച്ച്‌ കവിത എന്ന് പേരിട്ട്‌, കവിയാകാന്‍ വലിയ പ്രയാസമില്ലാത്ത കാലം, ഗഹനമായ ചിന്ത നല്‍കുന്ന ഗദ്യകവിതകള്‍ ഇല്ല എന്നല്ല അതിനര്‍ത്ഥം, അത്തരം കവിതകള്‍ കുറവാണ്‌ എന്നാണ്‌ എന്റെ വാദം.

    രണ്ട്‌ തരം എഴുത്തുകളും ഒരേ തരത്തില്‍ പുരോഗമിച്ചെങ്കില്‍ മാത്രമെ ഭാഷയ്ക്ക്‌ ഗുണമുള്ളു, വ്രത്തവും അലങ്കാരവുമൊക്കെ പിന്‍ തള്ളുന്ന അവസ്ഥ മാറണം.

    മറുപടിഇല്ലാതാക്കൂ

ഈ ബ്ലോഗ് തിരയൂ