friends

ചൊവ്വാഴ്ച

ശ്രി.ഒ.വി.വിജയന്റെ പ്രവാചകന്റെ വഴി എന്ന നോവലിൽ നിന്ന്


ഭാഷയുടെ തപശ്ശക്തതയും ആഖ്യാനഗാംഭീര്യവും സമ്മേളിക്കുന്ന ഒ.വി.വിജയന്റെ നോവൽ, എണ്ണിയാലൊടുങ്ങാത്ത ആയുഷ്ക്കാലങ്ങളുടെ പിൻ തുടർച്ചയായ് അറിവിനെത്തേടിയുള്ള യാത്രയാണ്‌ ഇ നോവൽ, സാമ്രജ്യസ്ഥാപകന്മാർ തങ്ങളാരെന്ന് സ്വയം ചോദിക്കാൻ മറന്നു പോയി, നാമൊക്കെ ആരാണ്‌, എന്താണ്‌, എന്റെ പിറവിയുടെ അർത്ഥം എന്ത്, ഉത്തരം തേടിയിറങ്ങുന്ന കഥാ പാത്രങ്ങളാണ്‌ ഇ നോവലിൽ, വെയിലിന്റെ സുവർണ്ണ ദൈർഘ്യങ്ങളിലേക്ക് നോക്കി പ്രവാചകന്മാരുടെ വഴിത്താരയിലേക്ക് യാത്ര ചെയ്യുന്നവർ, ഭാരതത്തിന്റെ ചരിത്ര താളുകളിൽ പരതുന്നവർ, തന്റെ ജീവശാസ്ത്ര നിഘണ്ടുവിൽ വെളിപാടു തേടി മുമ്പോട്ട് നീങ്ങുന്നവർ, രമയും, നാരായണനും, സുജാൻ സിംഗും, ക്രഷ്ണനുണ്ണിയും, ജോസഫും, ശേവന്തിയും, ശിവാസ് വീക്കിലിയുടെ സ്ഥാപകൻ ശിവൻ പിള്ളയും, ഗംഗാ പ്രസാദും, ഇഖ്ബാൽ ചന്ദും മ്രതാകാമുകിയും, സുന്ദറും, മുനീജിയും, അങ്ങിനെ നമ്മോട് സംവദിക്കുന്നത് ഒട്ടനവധി പേർ. 

ഇവിടെ നമ്മളെകൊണ്ട് വായിപ്പിക്കുന്നത് രണ്ട് ചരിത്രങ്ങളാണ്‌, ഭാരതത്തെ പിളർത്തുന്നതിൻ മുമ്പുള്ള അധിനിവേശത്തിന്റെ ചരിത്രം, മുഗളന്മാരുടെ തേരോട്ടം, അന്ന് ചുരം കടന്നു വന്ന ഇസ്ളാമിന്റെ ആക്രമണത്തിൽ നിന്ന് ഹിന്ദുവിനെ രക്ഷിയ്ക്കലായിരുന്നു ശിഖന്റെ ദൗത്യം, യുദ്ധം പല ഭിന്നതങ്ങളായി തലങ്ങും, വിലങ്ങും മുറിഞ്ഞു കിടക്കുന്നു. ഈസ്റ്റിന്ത്യാ കമ്പനിയുടെ തണലിൽ തങ്ങളെ ആക്രമിച്ച പൂർവ്വീയ സേനയായിരുന്നു ഒരിക്കൽ ശിഖന്റെ ശത്രു, വളർന്നു വരുന്ന ബ്രിട്ടീഷ്കോയ്മ ആ ആക്രമണത്തിന്‌ പ്രായ്ശ്ചിത്തമെന്നോണം ശിഖസൈന്യത്തെ അതിന്റെ ഏറ്റവും വിശ്വസ്തമായ പടയണിയാക്കി, ദേശീയ പ്രസ്ഥാനം തിരതല്ലിയുയർന്നപ്പോൾ ശിഖൻ അതിന്റെയും മുന്നണിപ്പടയാളിയായി, ഇന്നിതാ ഹിന്ദുവും ശിഖനും ഇതെല്ലാം മറന്ന് വിരുദ്ധചേരികളായിത്തീരുന്നു, യുദ്ധത്തെ മനസ്സിലാക്കുക വിഷമമാണ്‌, യുദ്ധത്തിലകപ്പെട്ട ശത്രുവിന്റെയും മിത്രത്തിന്റെയും സ്നേഹം, ദേവന്റെ ക്യപയേക്കാൾ എത്രയോ സമൃദ്ധമാണ്‌ മനുഷ്യ നന്മയുടെ സ്പർശം. 

സ്നേഹത്തിന്റെ ജനിതകധാരയിൽ ഒരു കുഞ്ഞു പിറക്കുന്നു, അവനാണ്‌ പ്രവാചകൻ, അവനാണ്‌ ആവർത്തനം, പ്രവാചകനെ അറിയാൻ അരുപിയായ സ്നേഹത്തെ മാത്രം അറിഞ്ഞാൽ മതി, എല്ലാ പുഴകളും ഒരുമിച്ച് ഒരേയൊരു പ്രവാഹമായി ത്തീരുന്നു, മാനസസരോവരത്തിന്റെ നീരുകൾ, പ്രാർത്ഥനാ ചക്രങ്ങൾ തിരിച്ച് സ്ഥിരപ്രതിഷ്ഠിരായി രാവും പകലും പോക്കിയ ലാമകളുടെ അഖണ്ഡ മന്ത്രങ്ങൾ, തപസ്സ്, അതീന്ദ്രിയ ദർശനങ്ങൾ ഇവയത്രയും അറമ്പി കടലിലേക്ക് ഒഴുകി സിന്ധു വിശ്രമം കണ്ടെത്തിയത്രെ. 

മലകൾ സമതലത്തിലേയ്ക്ക് ഒടുങ്ങുകയും ഗിരിവാസിയുടെ സ്നേഹം മത്സരത്തിന്റെ നഗരസ്വരങ്ങളായി മാറുകയും ചെയ്യവേ ആ യാത്രയുടെ നീളമത്രയും രമ ഉറങ്ങിത്തീർത്തു, ദില്ലിയിലെ അഭയാർത്ഥി കേന്ദ്രത്തിൽ ഉണർന്ന്, പിന്നെ റെയിൽ വേ ഗുമസ്തന്മാരുടെ ചേരിയിൽ പാർപ്പിടം കണ്ടെത്തി, പകൽ ക്കിനാവുകളുടെ പോക്കുവെയിലേറ്റ് മധുരം നിറഞ്ഞ് അവൾ വളർന്നു, രമയുടെ നിദ്രകൾ ആകാശചാരികളായ മാന്ത്രികമാരെക്കൊണ്ട് നിറഞ്ഞതായിരുന്നു, കനവ് ചിന്തകൾ നോട്ടുപുസ്തകത്തിൽ കുറിച്ച് തങ്ങളുടെ വീടിന്റെ ഒരു മുറിയിൽ വാടകയ്ക്കു താമസിക്കുന്ന ശിവാസ് വീക്കിലിയിൽ പുതുതായെത്തിയ മലയാളി ചിത്രകാരൻ നാരയാണേട്ടനെ വായിച്ചു കേൾപ്പിച്ചു, 

ദില്ലിയ്ക്കു പുറപ്പെടുന്നതിന്റെ തലേന്ന്, അചഛൻ നാരായണനെ വീടിന്റെ ആവാസമില്ലാത്ത വലിയ മുറികളിലൂടെ നടത്തി ഉപദേശിച്ചു നഗരത്തിൽ ശുചിയുള്ളിടത്ത് താമസിക്കണം, ച്യവന പ്രാശം മുടക്കരുത്, മാസത്തിൽ രണ്ടു തവണ മുടിവെട്ടണം, കത്തയച്ചു കൊണ്ടിരിക്കണം. 

ചില സന്ധ്യകളിൽ തങ്ങളുടെ കൊച്ചു കോലായിലിരുന്ന് നാരായണനുമായി സന്ത്ര എന്ന നാടൻ മദ്യം പങ്കിടവേ രമയുടെ അചഛൻ മുനീംജി, ആവലാതികൾ പറയും, വയസ്സിനെ കുറിച്ച് കള്ളമൊഴി കൊടുത്ത് ഗുമസ്ത പണികിട്ടിയ കാര്യം പറയും, എല്ലാ അഭയാർത്ഥികളും പറഞ്ഞതു പോലെ മുനീജിയും പറഞ്ഞു, ജനനരേഖയും ജാതകവും പാലായനത്തിൽ നഷ്ടപ്പെട്ടുപോയെന്ന്, വൈദ്യ പരിശോധന നടത്തിയ ഇഖ്ബാൽ ചന്ദും വ്യാജനായിരുന്നു. 

ഒരു ദിവസം ശിവാസ് വീക്കിലിയിൽ നിന്നിറങ്ങി പോയത് ക്ളബിലെ ബാറിലേക്കാണ്‌, അവിടെ നിന്നിറങ്ങി നന്നേ രാത്രിയായി, ഇത്തിരി നടക്കാൻ നാരായണൻ നിശ്ചയിച്ചു സുജാൻസിഗ് എന്ന ദ്വിഭാഷിയുടെ തുണയില്ലാതെ റക്കബ് ഗഞ്ചിന്റെ പ്രാർത്ഥന ചെകിടോർക്കാൻ, നടന്നു ൻഅടന്നു റക്കമ്പ് ഗഞ്ചിന്റെ പടിതാണ്ടി പിന്നെയും നടക്കവെ അശരീരി വന്നു ‘നീ എന്റെ മന്ദിരത്തിൽ കടക്കാതെ പോകുന്നതെന്ത് മകനെ.... 
’ഗുരുദേവാ ഈ രാത്രിയിൽ ഞാൻ അശുദ്ധനാണ്‌, എനിക്കകത്ത് നിഷിദ്ധ പദാർത്ഥങ്ങൾ...“ 
ഗുരുദേവൻ ചിരിച്ചു ‘ഈ നിസ്സാര വസ്തുക്കളോ നിന്റെ പാപ ബോധത്തിന്‌ ആസ്പദം, പ്രപഞ്ചത്തിൽ എത്ര മയക്കു മരുന്നുകളാണ്‌:- നോക്കൂ നിനക്കു ചുറ്റും, രാത്രി, ആകാശം, നിലാവും, നിഴലും,പ്രാണ വായു, വിജനത. 

ഗുരുവും ശിഷ്യനും അവതാരങ്ങൾ കൈമാറുന്നു, അതിന്റെ സ്നേഹപ്പടർപ്പിൽ നാരായണൻ ആബദ്ധനായി, അദ്ധ്യായനത്തിന്റെ അഖണ്ഡത, ആദ്യ പാഠങ്ങളുടെ വിനയം, റായ്സീനയുടെ ചരിവിൽ നിന്ന് കൊണ്ട് നാരായണൻ ദില്ലിയുടെ വെളിമ്പുറങ്ങളിലേയ്ക്ക് നോക്കി, ഔറംഗസേബിന്റെ കല്പന നടത്തപ്പെട്ട ചോരക്കളത്തിൽ നിന്ന് ഒമ്പതാമത്തെ ശിഖഗുരു തേഗ്ബഹാദൂർ ഗുരുദേവന്റെ ശിരസ്സുമായ് ഒരു യാത്രക്കാരൻ ഗുരുദേവന്റെ മകൻ ഗോവിന്ദറായുടെ അരികിലെത്തുന്നു ഇതാ ഗുരുദേവന്റെ ശിരസ്സ്. 

കഴിഞ്ഞ കാലങ്ങളിലെ വംശനിന്ദകൾ കണലുകളായി കിടന്നു, പ്രകോപനങ്ങളുടെ കാറ്റുകൾ കണലുകളെ തൊട്ടുവിളിച്ചു, ഇനിയും ആരുടെയൊക്കെ പുറപ്പാടുകൾ, പ്രവാസങ്ങൾ? ചരിത്രത്തെ തൊടുന്നവന്റെ സർഗ്ഗക്ഷീണം 

പിന്നെയും, പിന്നെയും, സുജാൻസിംഗ് മൊത്ത് നാരായണൻ ഭക്തരുടെ ശവ കല്ലറകൾ സന്ദർശിച്ചു, സുജാൻസിംഗ് ചിലപ്പോൾ പ്രാക്രതശിഖനായി, പ്രവാചകന്റെ എയ്ത്തു നക്ഷത്രത്തിലേയ്ക്ക് നോക്കി അതിന്റെ തീവഴി അറിയാതെ ഭയവിസ്മയങ്ങളിൽ മുങ്ങിമുഴുകും, സുവർണ്ണ ക്ഷേത്രത്തിൽ പട്ടാളം കടന്ന വിവരം അറിഞ്ഞ് കലി വന്നു അലറി. 

മനുഷ്യൻ ഭൂമിയുടെ രോഗമാണ്‌, ബാക്ടീരിയങ്ങളുടെ പാലായനം പോൽ സഞ്ചരിച്ചും, കുടിയേറിയും, കണ്ടുപിടിച്ചും പുതിയ ഗോത്രസാമ്രാജ്യങ്ങൾ, സംസ്ക്കാരങ്ങൾ,സാഹിതി,നർത്തനം,വിനോദം,സ്രഷ്ടിയാകുന്നു, അത് നമ്മുടെ രോഗമാകുന്നു, അചഛൻ നല്കിയ ഇ ഗീതൊപദേശം നാരായണൻ രമയെ കേൾപ്പിച്ചു, രമ നാരായണന്‌ ഒരു പുഴയാണ്‌, രമയിൽ പ്രവാചകൻ സംഭവിക്കുമ്പോഴെല്ലാം അവൾ നാരായാണനുമായി സംവദിക്കും. 

പ്രവചനത്തിന്റെ മഴത്തുള്ളികൾ വരണ്ടു, ആരാധനാ മന്ദിരങ്ങൾക്കുചുറ്റും നഗരങ്ങൾ വളർന്നു, അപ്പോൾ പ്രവാചകൻ മറ്റെങ്ങോ വഴിതേടി;, ചാറ്റു മഴയുടെ വിജനത, വിജനതയിൽ പ്രവാചകൻ നടന്നു, പ്രവാചകൻ നിന്നു, പ്രവാചകൻ നിറഞ്ഞു 

-------------------------------------------------------------------------

ടി.എസ്.നദീർ 
കൊടുങ്ങല്ലൂർ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗ് തിരയൂ