friends

വ്യാഴാഴ്‌ച

ഞാന്‍ എഴുതി തുടങ്ങുന്നത്‌.

എഴുത്തിന്റെ അസുഖം തുടങ്ങുന്നത്‌ ചെറുപ്പത്തിലാണ്‌, സ്ക്കൂള്‍ വെക്കേഷന്‍ സമയത്ത്‌ ഉമ്മ ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ കൊണ്ട്ത്തരും, ചുറ്റു വട്ടത്തെ കുട്ടി സഖാക്കളെ വിളിച്ച്‌ കുഞ്ഞിപുര വെച്ച്‌ കെട്ടും അയല്‍ പക്കത്തെ പറമ്പുകളില്‍ കയറി മാങ്ങയും, ലൂബിയും, പുളിയുമൊക്കെ ശേഖരിക്കും എന്നിട്ട്‌ ആസ്ഥാനത്തെത്തിച്ച്‌ കൂട്ടം കൂടിയിരുന്ന് തിന്നും, പൊത്തകം വായിക്കും, കഥ പറയും, പാട്ട്‌ പാടും, ബളഹം ..ശെ.. ബഹളം കൂട്ടും, തമ്മില്‍ തല്ല് പിടിക്കും, കുഞ്ഞി പൊര പൊളിഞ്ഞ്‌ വീഴും, പിന്നെം കെട്ടും, അന്നെഴുതിയ കഥകള്‍ ബാലരമക്ക്‌ അയക്കും ഒന്നും വന്നില്ല.

ഹൈസ്ക്കുളിലെത്തിയപ്പോള്‍ എഴുതി കൂട്ടിയ കഥകള്‍ മാത്രഭുമിക്ക്‌ അയക്കും, തിരിച്ച്‌ വരാനുള്ള കവര്‍ വെക്കുന്നതിനാല്‍ അയച്ചതെല്ലാം തിരിച്ച്‌ വരും, എന്തിന്‌ ഒരു നോവലും, നാടകവും പോലും അക്കാലത്ത്‌ എഴുതിയിട്ടുണ്ട്‌, നാടകം കിഴക്കേലെ കിഷോറും, പ്രവീണും എടുത്ത്‌ കൊണ്ട്‌ പോയി അവരുടെ സ്ക്കൂളില്‍ കളിച്ചു, നാടകത്തിന്‌ രണ്ടാം സ്ഥാനം കിട്ടി, അന്ന് രണ്ട്‌ നാടകങ്ങളെ കളിച്ചുള്ളുവത്രെ.

പ്രീഡിഗ്രിക്ക്‌ മാര്‍ക്ക്‌ കുറഞ്ഞപ്പോള്‍ വാപ്പ ഓടിച്ചിട്ട്‌ തല്ലി, ഒരു പ്രീഡിഗ്രിക്കാരന്‍ എന്ന പരിഗണന പോലും നല്‍കാതെ, പറബായ പറബെല്ലാം, റോഡായ ഇടവഴികളെല്ലാം ഞാനും വാപ്പയും ഓടി തീര്‍ത്തു, അന്ന് എന്നെ രക്ഷിച്ചത്‌ വേലായി ചേട്ടനാണ്‌, വേലായിച്ചോന്‍ എന്ന് ഞങ്ങള്‍ സ്നേഹ പുരസരം വിളിക്കും, ചെറുപ്പത്തില്‍ അദ്ദേഹത്തോട്‌ ഞാന്‍ ചോദിച്ച സംശയം ഇതായിരുന്നു 'വേലായിച്ചോനെ..വേലായിച്ചോനെ.. പടച്ചോനൊരു ചോനാണൊ എന്നാണ്‌, സായിബേ നിങ്ങളാ കൊച്ചിനെ തല്ലാതെ എന്ന് പറഞ്ഞ്‌ വാപ്പാടെ കയ്യില്‍ നിന്നും വടി വേലായി ചേട്ടന്‍ വാങ്ങിയെത്തു, അന്നത്തെ ദേഷ്യത്തിന്‌ എഴുതി കൂട്ടിയ കഥകളും നോവലും നാടകവും എല്ലാം കൂട്ടിയിട്ട്‌ ഞാന്‍ കത്തിച്ചു, അങ്ങിനെ മലയാള സാഹിത്യം രക്ഷപ്പെട്ടു എന്നു വിചാരിച്ചു.

എഴുത്ത്‌ പരിപാടി എനിക്ക്‌ പറ്റിയതല്ലെന്ന് തിരിച്ചറിഞ്ഞിട്ടും, എം.മുകുന്ദന്റെയും, ഒ ന്‍ വിയുടെയും, എം.ടി.യുടെയും, ഒ.വി.വിജയന്റെയും ഒക്കെ ഫോട്ടൊ, പത്ര താളുകളിലൊ, മാഗസിനുകളിലോ ഒക്കെ തിളങ്ങി നില്‍ക്കുന്നത്‌ കാണുമ്പോള്‍, അവരെ പോലെ ആകണം എന്ന മോഹം ഉദിക്കും, മോഹിക്കാന്‍ ആര്‍ക്കും പറ്റും പക്ഷെ പരിശ്രമത്തിനാണ്‌ ഫലം, ഞാന്‍ ഇത്‌ എഴുതുമ്പോള്‍ ഇവനൊരു സ്വയം പ്രഖ്യാപനും, അത്യാഗ്രഹിയും ആണെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം, എല്ലാ എഴുത്തുകാരുടെയും ഉള്ളിലിരിപ്പ്‌ ഇതൊക്കെ തന്നെ, എനിക്ക്‌ പിന്നെ കളങ്കമില്ലാത്തതിനാല്‍ തുറന്ന് പറയുന്നു എന്ന് മാത്രം, ഇ നിഷ്‌കളങ്കത പല സദസ്സിലും എന്നെ പരിഹാസ്യനാക്കിയിട്ടുമുണ്ട്‌, ഗള്‍ഫില്‍ എത്തിയപ്പോള്‍ എകാന്ത വാസത്തില്‍ പഴയ അസുഖം വീണ്ടും തുടങ്ങി, ഇവിടത്തെ സഹ്രദയ എഴുത്തു കാരുടെ ക്രതികള്‍ നിരൂപിക്കാനും തുടങ്ങി, നിരൂപണം എളുപ്പമാണ്‌, പക്ഷെ സ്വയം എഴുതുമ്പോള്‍ കാമ്പുള്ള എഴുത്തിന്‌ സാധ്യമാവുന്നുമില്ല, വായന കുറവാണ്‌ എന്നാകും നിങ്ങള്‍ പറയാന്‍ ഉദ്ധേശിക്കുന്നത്‌, വായന ഒരു ഘടകം തന്നെ പക്ഷെ അതിലുപരി അതൊരു വരദാനമാണ്‌.

നിനച്ചിരിക്കാതെ എം.മുകുന്ദന്‍ സാറിനെ ബഹറയിനില്‍ വെച്ച്‌ നേരിട്ട്‌ കണ്ടപ്പോള്‍, പരിച പെട്ടപ്പോള്‍ എന്റെ അടുത്ത്‌ നിന്നിരുന്ന മൊഹന്‍ പുത്തന്‍ ചിറ പറഞ്ഞു, 'ഞാനും നദീറും ബ്ലോഗ്‌ എഴുതും', അതെയൊ എന്ന് ചിരിച്ച്‌ കൊണ്ട്‌ അദ്ദേഹം പറഞ്ഞു ' ഒരു എഡിറ്റര്‍ ഇല്ലാത്തതാണ്‌ ബ്ലോഗിന്റെ ഗുണവും ദോഷവും '.

സ്വയം വരദാനമുണ്ടൊ എന്ന് ഒരോ എഴുത്തു കാരനും തിരിച്ചറിയണം, ഇനി എന്റെ കാര്യം, അത്‌ പോലും തിരിച്ചറിയാത്ത കാരണം എഴുതി കൊണ്ടേ ഇരിക്കുന്നു, എഴുതി കൊണ്ടെ ഇരിക്കുകയും ചെയ്യും.. വിടാന്‍ ഉദ്ദേശിച്ചിട്ടില്ല.. ഹല്ലപിന്നെ..

ഈ ബ്ലോഗ് തിരയൂ