
തളിപ്പറമ്പ് കരിമ്പ ഗ്രാമത്തിന്റെ അഭിമാനമായ റഫീന പി.പി. എന്ന എഴുത്തുകാരി പിറന്നു വീണ നാള്‍തൊട്ട് വേദനയുടെ മുള്‍വഴികളാണ് താണ്ടുന്നത്. ജന്‍മനാ ഒട്ടിച്ചേര്‍ന്ന കൈവിരലുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം തലവന്‍ ഡോ. അക്ബര്‍ ശരീഫ് വര്‍ഷങ്ങളുടെ നിരന്തരമായ ചികിത്സയിലൂടെ വേര്‍പെടുത്തി. ഈ ചികിത്സ നടന്നത് വളരെ ചെറുപ്പത്തിലാണ്. ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയ കൈവിരലുകള്‍ക്കിടയില്‍ പേന തിരുകിക്കൊണ്ട് റഫീന കവിതയും കഥയും എഴുതാന്‍ തുടങ്ങി. എട്ടാമത്തെ വയസ്സിലാണ് റഫീനയുടെ ആദ്യകവിത പ്രകാശിതമായത്. സാഹിത്യതല്‍പ്പരനല്ലെങ്കിലും കൂടി റഫീനയുടെ ഉപ്പൂപ്പയാണ് കൊച്ചുമകളിലെ കവിയത്രിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഒട്ടേറെ കവിതകള്‍ റഫീനയില്‍ നിന്നും പിറവി കൊണ്ടു. പിന്നീട് 2007ല്‍ കോഴിക്കോട് സാഹിത്യ പുസ്തക പ്രകാശനം ഇനിയും വരാത്ത കവിത എന്ന പേരില്‍ റഫീനയുടെ കവിതകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിന് ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ശിശുക്ഷേമ സമിതി അവാര്‍ഡ് ലഭിച്ചു. അടുത്ത വര്‍ഷം തന്നെ ഇതിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങുകയുണ്ടായി.
ഒട്ടിച്ചേര്‍ന്ന കൈവിരലുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വേര്‍പെടുത്തിയ ഡോ.അക്ബര്‍ ശരീഫിന്റെ അന്നത്തെ പ്രഖ്യാപനം റഫീന സ്വന്തം വിരലുകള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുമെന്നായിരുന്നു. ചികിത്സയുടെ ഫലവും പ്രാര്‍ത്ഥനയുടെ പുണ്യവുമായി റഫീന കവിതയും കഥയും കൂടാതെ ഗ്ളാസ് പെയിന്റിംഗിലും ചിത്രരചനയിലും സാരി ഡിസൈനിംഗിലുമൊക്കെയായി തന്റെ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. സര്‍ഗ രചനയില്‍ ഈ മിടുക്കിയെ തേടി ഒട്ടേറെ അംഗീകാരങ്ങളെത്തി. പത്തൊമ്പതുകാരിയായ റഫീന ഇപ്പോള്‍ കണ്ണൂര്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
ഇനിയും വരാത്ത കവിതയുടെ രണ്ടു പതിപ്പുകള്‍ക്കു ശേഷം അനാട്ടമി ഓഫ് ഫ്രോഗ് (കഥകള്‍), പുല്‍ച്ചാടിയുടെ സ്വപ്നം (കവിതകള്‍), എന്നീ പുസ്തകങ്ങള്‍ പുറത്തിറങ്ങി. നാലാമത്തെ പുസ്തകമായ നിറയെ നിറയെ നിറയെ കവിത (ബാലസാഹിത്യം) ഫെബ്രുവരി 17ന് പുറത്തിറങ്ങും.
ഈ സന്തോഷങ്ങള്‍ക്കിടയിലും സ്വന്തം ശാരീരിക പ്രയാസങ്ങള്‍ റഫീനയെ വല്ലാതെ അലട്ടുന്നുണ്ട്. വലത്തെ കാല്‍മുട്ടിന് സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി ഇരട്ട ചിരട്ടകളാണുള്ളത്. ഇതിനു പുറമെ ഇരുകാലുകളും വളഞ്ഞാണ് നില്‍ക്കുന്നത്. വലത്തെ കാല്‍മുട്ടിന് കടുത്ത വേദന അനുഭവപ്പെട്ടതോടെ ഡോക്ടര്‍ അക്ബര്‍ ശരീഫിന്റെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് ഇഖ്റഅ് ഹോസ്പിറ്റലിലെ ഡോ. ഗോപിയെ സമീപിച്ചു. എന്നാല്‍ ഇരു ഡോക്ടര്‍മാരുടെയും തീരുമാനം പാലക്കാട്ടെ ആര്‍.വി. ഇന്‍സ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഇലിസറോവ് ടെക്നോളജിയിലെ ഡോ. വാസുദേവനെ സമീപിക്കാനായിരുന്നു. ഡോ. വാസുദേവന്റെ പരിശോധനയില്‍ ഇരുകാലുകളിലും ‘പാര്‍ഷ്യല്‍ കന്‍ജെനിറ്റല്‍ ഹെമിമീലിയ വിത്ത് മിറര്‍ഫൂട്ട് ഡിഫോര്‍മിറ്റി’ എന്ന സങ്കീര്‍ണ്ണമായ അംഗവൈകല്യരോഗമാണെന്ന് കണ്ടെത്തി. ഡോക്ടറുടെ നിര്‍ദ്ദേശം കഴിയുന്നതും പെട്ടെന്ന് ഓപ്പറേഷന്‍ നടത്തുക എന്നതാണ്. ഇത് വൈകിച്ചാല്‍ ഒരു പക്ഷെ റഫീന കിടപ്പിലാവാനും സാധ്യതയുണ്ടെന്ന് ഡോക്ടര്‍ ഓര്‍മിപ്പിക്കുന്നു.
ഇരുകാലുകളിലും ഇല്ലിസറോവ് എന്ന നൂതനമായ മാര്‍ഗ്ഗമുപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ അനേകം ഓപ്പറേഷനുകള്‍ ആവശ്യമായി വരും. ഈ ചികിത്സക്ക് മൊത്തം നാലു ലക്ഷം രൂപ ചെലവു വരുമെന്നാണ് സൂചന. റഫീനക്ക് ഒരു വയസ്സുള്ളപ്പോള്‍ പിതാവ് ഉമ്മയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതാണ്. ഹൃദ്രോഗിയായ ഉപ്പൂപ്പയും രോഗിയായ ഉമ്മൂമ്മയും ഉമ്മയുമടങ്ങുന്ന നിര്‍ദ്ദന കുടുംബം ഇത്രയും വലിയൊരു തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. നാട്ടുകാരില്‍ ചിലരും അടുപ്പമുള്ളവരുമൊക്കെ ചെറിയ സഹായവുമായി രംഗത്തുണ്ട്. മാര്‍ച്ച് മാസത്തില്‍ ഓപ്പറേഷന്‍ നടത്താനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ചെരാത് സാഹിത്യവേദിയുടെ റഫീന ചികിത്സാ പദ്ധതിയുമായി സഹകരിക്കാന്‍ സുമനസ്സുകള്‍ റഫീഖ് പന്നിയങ്കരയുമായി (00 966 553 363 454) ബന്ധപ്പെടണമെന്ന് ചെരാത് പ്രവര്‍ത്തകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ACCOUNT NUMBER
STATE BANK OF TRAVANCORE,
FATHIMA MATHA BUILDING,
N.H ROAD THALIPARAMBA-670141
A/C No. 67113192685