ഭാഗം 1
മുബിലിരുന്ന് ദിവാകരേട്ടൻ ബീഡി ആഞ്ഞു വലിച്ചു വിടുന്നുണ്ട്, വലിക്കുമ്പൊൾ ഉൾവലിയുന്ന ഒട്ടിയ കവിളും പുകചുരുളുകളും നോക്കി നിബു ഇതികർത്തവ്യഥാ മൂഡനായി ഇരുന്നു, ബീഡി ഇവിടെ ഗൾഫിലും സുലഭമത്രെ, കുമ്പു മൂക്കാത്ത, തലതിരിഞ്ഞ സ്വദേശി പയ്യന്മാരും,ലഹരി ആർത്തികളായ വിദേശികളും കഞ്ചാവ് തെരുത്ത് വലിച്ച് ഉന്മാദം കൊള്ളുന്നുണ്ട് പോലും.
ദിവാകരേട്ടൻ ഒരു കമ്പനിയിൽ ശബളം കുറവാണെങ്കിലും ജീവിച്ചു പോവുകയായിരുന്നു, പ്രരാർബ്ദങ്ങൾ ഏറെ ഉണ്ടായിരുന്നത് കാരണം സംബാദ്യം കാര്യമായ് ഒന്നുമില്ലായിരുന്നു,എഴു വർഷങ്ങൾക്ക് മുബ് അർബാബ് ചെയ്ത ഒരു വിസ മാറ്റം ആണ് ദിവാകരേട്ടനെ കുടുക്കിയത്, പത്ത് പതിനഞ്ച് തൊഴിലാളികൾ ഉള്ള കബനിയിൽ അർബാബ് എല്ലവരുടെയും വിസ, അർബാബിന്റെ സുഹ്രത്തായ പൊലീസിന്റെ തലപ്പത്തിരിക്കുന്ന ഒരു ഷെയ്ഖിന്റെ പേരിലേക്ക് മാറ്റി, അർബാബിനു ലാഭം, വിസ പുതുക്കുന്നതിനൊ അടിക്കുന്നതിനൊ അഞ്ച് പൈസ ചെലവില്ല, ഗ്രാറ്റിസ് വിസ എന്നാണത്രെ അതിന്റെ വിളിപ്പേർ, വിസ മാറി ഏതാനും മാസങ്ങൾക്ക് ഉള്ളിൽ, രോഗിയായിരുന്ന ഷെയ്ഖ് കിടപ്പിലായി വിദഗ്‌ധ ചികിത്സാർഥം വിദേശത്ത് പോയി,
കാത്തിരിപ്പിന്റെ വസന്തം ഇ കമ്പനിയിലെ തൊഴിലാളികൾക്ക് വന്നെത്തുന്നത് 3 വർഷങ്ങൾക്ക് ശേഷം ആണ്, അവധിക്ക് നാട്ടിൽ പൊകാൻ ഒരുങ്ങിയവരൊട് വിസ പുതിക്കിയതിനു ശേഷം നാട്ടിൽ വിടാമെന്നായി മുതലാളി, ഷെയ്ഖിന്റെ വിസയിൽ പൊല്ലാപ്പാകുമെന്ന മനസിലാക്കിയ മുതലാളി, സ്വന്തം കമ്മെഴ്സ്യൽ ലൈസൻസിലെക്ക് തൊഴിലാളികളുടെ വിസകൾ മാറ്റാൻ ശ്രമം ആരംഭിച്ചു, ദിവാകരേട്ടന്റെ വിസ മാത്രം മാറ്റാൻ പറ്റിയില്ല, കാരണം മുതലാളി സൂക്ഷിച്ചിരുന്ന പാസ്‌പ്പോർട്ടുകളിൽ ദിവാകരേട്ടന്റെ പാസ്പ്പൊർട്ട് മാത്രം കാണാനില്ല.
പസ്പ്പൊർട്ട് കളഞ്ഞു പോയാൽ ഇവിടെ സി.ഐ.ഡി ഡിപ്പാർട്ട് മെന്റിനെ അറിയിക്കണം, അപേക്ഷ കൊടുക്കുംബൊൾ സ്പൊൺസർ ഒപ്പിടണം, സ്പൊൺസറുടെ ഐഡന്റിഫിക്കേഷൻ കോപി വേണം, പാവം ദിവാകരേട്ടൻ വിഷമത്തിലായി,സി.ഐ.ഡി റിപ്പൊർട്ട് ഉണ്ടങ്കിലെ എംബസി പുതിയ പാസ്പ്പൊർട്ട് നല്കുകയുള്ളു. വിസയുടെ സ്പോൺസറായ ഷെയ്ഖ് ആണങ്കിൽ വിദേശത്ത് കിടപ്പിലും.
ഇവിടത്തെ നിയമപ്രകാരം പാസ്‌പ്പൊർട്ട് തൊഴിലാളി സ്വന്തം സൂക്ഷിക്കണം പോലും, മുതലാളിക്ക് കൈവശം വെക്കാൻ അധികാരമില്ല പോലും, അങ്ങിനെ എതങ്കിലും മുതലാളി തൊഴിലാളിയുടെ പാസ്‌പ്പോർട്ട് കൈവശം വെക്കുകയാണങ്കിൽ, തൊഴിലാളിക്ക് പോലീസിൽ പരാധി പെടാം, കുറ്റം തെളിയുകയാണങ്കിൽ മുതലാളിക്ക് 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കും പോലും, കേട്ടറിഞ്ഞടിത്തോളം ഒട്ടുമിക്ക തൊഴിലാളികളുടെ പാസ്‌പ്പൊർട്ടും മുതലാളിമാരുടെ കയ്യിലാണ്, തൊഴിലാളികൾ ഒടി പ്പോകാതിരിക്കാൻ അവർ ചെയ്യുന്ന വേലയാണത്, എന്നിട്ട് എത്ര തൊഴിലാളികൾ കേസുകൊടുത്തു, എത്ര തൊഴിലാളികളുടെ കയ്യിൽ തങ്ങളുടെ പാസ്‌പ്പൊർട്ട് മുതലാളി സൂക്ഷിച്ചിരിക്കുന്നു എന്നതിന് തെളിവുണ്ട്, നിയമങ്ങൾ നല്ലതു തന്നെ, പ്രാവർത്തികം മറ്റൊന്നാണ് എന്ന് മാത്രം.
രാവിലെ 6:30 യൊടെ സൈറ്റിലേക്കുള്ള വണ്ടി വരും, ജോലി കഴിഞ്ഞു തിരിച്ചു താമസ സ്ഥലത്ത് എത്തുമ്പോൾ 4 മണി കഴിയും, പിന്നെ കുളിയും വസ്ത്രം കഴുകലും, പാകം ചെയ്യലും, എല്ലാം കഴിയുമ്പോൾ ഒന്നു രണ്ടു മണിക്കൂർ അങ്ങു പോകും അതിനാൽ, അർബാബിനെ ഒന്നു കണ്ട് കാര്യങ്ങൾ സംസാരിക്കാൻ ഓഫിസിലൊന്ന് പോകണം എന്ന് വിചാരിച്ചിട്ട്, നടക്കാറില്ല, ഇന്ന് ഏതായാലും ഓഫീസിൽ പോകാൻ തന്നെ തീരുമാനിച്ചിരിക്കയാണ്, ഇവിടെ നിന്ന് ഓഫീസിൽ എത്തി ചേരണമെങ്കിൽ 2 ബസ് മാറികേറണം, താമസിക്കുന്ന ഏരിയയിൽ പിക്കപ് സെർവീസൊ, ടാക്സി സെർവീസൊ കുറവാണ്, ഇനി ഉണ്ടങ്കിൽ തന്നെ നമ്മളെ കൊണ്ട് താങ്ങാൻ പറ്റാത്ത ചാർജാണ് അവർ പറയുക, അതുകൊണ്ട് മണിക്കൂറിൽ ഒരു പ്രാവശ്യമുള്ള ബസ് സർവീസ് തന്നെ ശരണം, ഓഫീസിന്റെ പ്രവർത്തി സമയം 6 മണിക്ക് കഴിയും, അർബാബാണങ്കിൽ വല്ലപ്പൊഴുമെ ഓഫീസിൽ വരുകയുള്ളു എന്നാണ് അവിടിരിക്കുന്ന സെക്രട്ടറി പറയുന്നത്, ഇനി ഇന്ന് വരുമൊ എന്ന് ചോദിച്ചാൽ വരാം,വരാതിരിക്കാം എന്ന മറുപടിയെ കിട്ടൂ. ..
ഭാഗം 2
ഭാഗ്യത്തിന് ഓഫീസിലെത്തിയപ്പോൾ അർബാബ് അവിടെ ഉണ്ടായിരുന്നു, പക്ഷെ കുറെ അധികം സമയം കാത്തു നില്ക്കേണ്ടി വന്നു ഒന്നു മുഖം കാണിക്കാൻ.
സ്ലൊനെക്ക് ഡിവാകറാ.. (ഹവ് ആർ യു ദിവാകരാ..)
അർബാബിന്റെ ഡിവാകറാ.. ഡിവാകറാ.. എന്ന വിളി പത്തിരുപത്ത്അഞ്ച് വർഷമായി ചെവിയിൽ മുഴങ്ങുന്നതാണ്.
സെയിൻ .. (നല്ലത്), ദിവാകരേട്ടൻ മറുപടി നല്കി.
അർബാബ് പറഞ്ഞു തുടങ്ങി : അന ഫി മാലും ഇന്‌ത മാ റൂഹ് ബൈത്ത് മൽ സബ അ സന (എനിക്കറിയാം നീ എഴു വർഷമായിട്ട് വീട്ടിൽ പോയിട്ടില്ല), എന്റെ കുറ്റമല്ല ഷൈഖ് അസുഖം വന്ന് വിദേശത്ത് കിടന്ന് മരിച്ചു, അവന്റെ ആൾക്കാർ പറയുന്നു, ഞാൻ അവർക്ക് ഒരു ലക്ഷം ദിനാർ കൊടുക്കണം എന്ന്, അഞ്ച് പൈസ ഞാൻ കൊടുക്കില്ല, എന്റെ കയ്യിൽ അതിനു മാത്രം പണമില്ല, അതിനാൽ നിന്റെ പേപ്പർ അവർ ഒപ്പിട്ട് തരില്ല.
ദിവാകരേട്ടൻ : നീ എന്തു കൊണ്ട് ഇതൊന്നും എന്നൊട് നേരത്തെ പറഞ്ഞില്ല, നീയും ഷെയ്ഖും തമ്മിലുള്ള ബിസ്‌നസിൽ പാവം എന്നെ എന്തിന് ബലിയാടാക്കി, നിനക്കറിയാമല്ലൊ നീ എനിക്ക് തരുന്ന ശബളം എത്ര തുച്‌ഛമെന്ന്, അതുകൊണ്ട് വേണം എന്റെ കുടുംബം ജീവിക്കാൻ, എന്റെ മകൾ വലുതായി, അവളെ കല്ല്യാണം കഴിപ്പിക്കണം, ഞാൻ പണിയുന്ന ചെറിയ വീടിന്റെ പണി ഇതു വരെ തീർന്നിട്ടില്ല, അതും കടത്തിലാണ്, ബാങ്കിൽ ലോൺ ഉണ്ട്, അതു കൊണ്ട് തന്നെയാണ് ഞാൻ നീ പറയുന്നതും കേട്ട് 7 വർഷമായി നാട്ടിൽ പോകാതെ ഇവിടെ നില്ക്കുന്നത്, ഇനിയിപ്പോൾ നാട്ടിൽ പോയെ തീരു.., എന്റെ മകളുടെ കല്ല്യാണം ശരിയായിട്ടുണ്ട്, നാട്ടിൽ പോയി അതു നടത്തി കൊടുക്കണം.
അർബാബ് : ശു സവി ഡിവാകറാ.. (എന്തു ചെയ്യാം ദിവാകരാ), നി നിന്റെ എംബസിയിൽ പോയി നോക്ക്.
ദിവാകരേട്ടൻ പിന്നെ അവിടെ നിന്നില്ല, തീ പിടിച്ച മനസ്സുമായി ഇറങ്ങി നടന്നു അപ്പൊഴാണ് നിബുവിനെ കാണുന്നത്, നാട്ടുകാരൻ ആണ്, അവന് കാര്യങ്ങൾ ഏറെക്കുറെ അറിയാം, രണ്ടു പേരും കൂടി പാർക്കിലെ ബഞ്ചിൽ ഇരിപ്പാണ്, ദിവാകരേട്ടൻ തുടരെ തുടരെ ബീഡി വലിച്ച് വിടുന്നുണ്ട്
‘നാളെത്തന്നെ എംബസിയിൽ പൊകുന്നില്ലേ...’ നിബു ദിവാകരേട്ടനൊടായ് ചോദിച്ചു.
നിസ്സാഹതയുടെ ഒരു മന്ദഹാസം ദിവാകരേട്ടന്റെ മുഖത്ത് വിരിഞ്ഞു, ബീഡി ഒന്നു കൂടി പുകച്ച് മറുപടി നല്കി.
ദിവാകരേട്ടൻ: ‘നിബു, ഞാൻ അതെല്ലാം ഇതിന് മുൻപ് അന്വേഷിച്ചു, എംബസിയിൽ നിന്ന് എമർജൻസി സർട്ടിഫിക്കറ്റ് കിട്ടും പ്രയാസമില്ല, പക്ഷെ അതും കൊണ്ട് എമിഗ്രേഷനിൽ പോയി ക്ലിയറൻസ് മേടിക്കണം, അതാര് സഹായിക്കും’
നിബു: ‘അറബി സഹായിക്കില്ലേ.. ’
ദിവാകരേട്ടൻ: ‘അവനൊ, അവനെ കുറിച്ച് നിനക്കെന്തറിയാം, കുരുട്ട് ബുദ്ധി യുടെ ആശാൻ ആണ് അവൻ, 7 വർഷം മുബ് ഷെയ്ഖിന്റെ വിസയിലേക്ക് മാറ്റാൻ വേണ്ടിയുള്ള ആവശ്യത്തിന് എന്ന് പറഞ്ഞ് അവൻ എന്നെ കൊണ്ട് സ്റ്റാബ് പേപ്പറിൽ എല്ലാ ആനുകുല്യങ്ങളും കിട്ടി എന്ന് കാണിച്ച് ഒപ്പിടിവിച്ച് വാങ്ങിച്ചു,അന്ന് അവൻ എന്നൊട് പറഞ്ഞത് ’ഡിവാകറാ നീ എന്തിന് പേടിക്കണം, നാട്ടിൽ പോകുമ്പോൾ നിന്റെ എല്ലാ പൈസയും ഞാൻ തരില്ലേ..., ഇത് വിസ മാറാൻ വേണ്ടി മാത്രമുള്ള പേപ്പർ അല്ലെ...‘ എന്നാണ്, വിസ മാറാൻ ഇങ്ങനെ ഒരു പേപ്പർ ആവശ്യമില്ല എന്ന് എനിക്കറിയാം, എന്നിട്ടും ഞാൻ ഒപ്പിട്ട് നല്കി, അല്ലെങ്കിൽ ഞാൻ അവനുമായി ഉടക്കേണ്ടി വരും,അന്ന് എനിക്ക് വേണമെങ്കിൽ കേസ് കൊടുക്കാമയിരുന്നു, എംബസിയിൽ പരാധിപ്പെടാം, ലേബർ മിനിസ്റ്റിറിയിൽ പരാധി കൊടുക്കാം, അതോടെ ഞാൻ പട്ടിണിയിലാവും, അവൻ പിന്നെ ശബളം തരില്ല, വക്കീലിന് കൊടുക്കാൻ എന്റെ കയ്യിൽ പൈസ ഇല്ല, കേസിന്റെ പിന്നാലെ പോയാൽ നാട്ടിലെ കുടുംബം ദുരിതത്തിലാവും, കേസ് കൊടുത്ത പലരുറ്റെ യും ഗതി എനിക്കറിയാം, അവൻ എനിക്കെതിരെയും കള്ള കേസ് കൊടുത്താൽ, പിന്നെ കേസ് തീരാതെ നാട്ടിൽ പോകാൻ ഒക്കില്ല, ഞാൻ ഇപ്പൊൾ അവന്റെ വിസക്കാരൻ അല്ല, എന്റെ സ്പൊൺസർ ഷെയ്ഖാണ്, അതുകൊണ്ട് അവൻ എനിക്ക് യാതൊന്നും ചെയ്ത് തരേണ്ടതില്ല.
നിബു: ഇത്രയൊക്കെ അറിയാമായിരുന്നിട്ടും ഇ അറബിയുടെ കീഴിൽ 25 വർഷം എന്തിനു പണിയെടുത്തു, വേറെ ജൊലി നോക്കാമായിരുന്നില്ലെ.,
ദിവാകരേട്ടൻ: അതൊക്കെ ഇനി പറഞ്ഞിട്ട് എന്ത് കാര്യം, നിനക്കറിയാമൊ വേറെ ജോലി ലഭിക്കണമെങ്കിൽ ഇവന്റെ റിലീസ് കിട്ടണം, നൊ ഒബ്ജക്ഷൻ ലറ്റർ കിട്ടണം, അതായിരുന്നു നിയമം, അല്ലങ്കിൽ വിസ കാൻസൽ ചെയ്ത് നാട്ടിൽ പോയി പുതിയ കംബനിയിൽ പുതിയ വിസയിൽ വരണം, പക്ഷെ അതിന് അവൻ നാട്ടിൽ വിടുക വിസ കാൻസൽ ചെയ്യാതെ പുതുക്കി ആയിരിക്കും, വിസ കാലാവുധി 2 വർഷത്തോളം ഉണ്ടാകും, അതിനാൽ മറ്റൊരു വിസ ലഭിക്കാൻ നമ്മൾ 2 വർഷം നാട്ടിൽ നില്ക്കേണ്ടി വരും, മറ്റൊരു രാജ്യത്തേക്ക് പോകാമെന്നു വെച്ചാൽ, സാഹായിക്കാൻ ആളില്ല, പിന്നെ കാശും വേണ്ടേ നിബൂ... ഇവൻ പിന്നെ ക്രിത്യമായി ശബളം തന്നിരുന്നു അതു കൊണ്ട് ഇവിടെത്തന്നെ പിടിച്ചു നിന്നു...
നിബു: ഇനി ഏതായാലും എംബസിയിൽ പോയി ഔട്‌പാസ്സ് ശരിയാക്കാൻ ശ്രമിക്കാം.
പിറ്റേന്ന് അതിരാവിലെ തന്നെ ദിവാകരേട്ടൻ എംബസിയിലെത്തി, കനത്ത തിരക്കിലെ ബഹളത്തിനിടയിലൂടെ കടന്ന് ചെന്ന് സർവീസ് കൌണ്ടറിലെത്തി, ഭാഗ്യത്തിന് അവിടെ ഒരു മലയാളി മങ്ക ഇരിക്കുന്നു, അവരോട് കാര്യങ്ങൾ വിശദമായി സംസാരിക്ഹ്ചു അതിനു ശേഷം അവർ പാസ്‌പ്പോർട്ട് കോപിയും(കയ്യിൽ ആകെയുള്ള രേഖ അതു മാത്രമാണ്),ഫൊട്ടൊയും വാങ്ങി, ഒരു ഫോമിൽ ഒപ്പിടുവിച്ച് വാങ്ങിച്ച് വെച്ച് കൊണ്ട് പറഞ്ഞു ഒരു ആഴ്ച് കഴിഞ്ഞു വാ.., എമർജൻസി സർട്ടിഫിക്കറ്റ് ശരിയാക്കി വെക്കാം, ദിവാകരേട്ടൻന്റെ ദയനീയ മുഖം കണ്ട് അവർ ആശ്വാസം നല്കി ‘പേടിക്കണ്ട ഇപ്പോൾ ഇസി എക്സിറ്റ് ഉള്ള സമയമല്ലെ, എല്ലാം നടക്കും’.
ഭാഗം 3
ഇവിടുത്തെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, (എൽ.എം.ആർ.എ) കൊണ്ടു വന്ന പുതിയ നിയമമാണ് ഇസി എക്സിറ്റ്, അനധിക്രതക്കാർക്ക് നൂലാമാലകൾ ഇല്ലാതെ ഇവിടം വിടാൻ ഉള്ള മാർഗം,കുറച്ചു കാലമെ ഇസി എക്സിറ്റ് ഉള്ളു എന്നു കേൾക്കുന്നു, എൽ.എം.ആർ.എ എന്നു കേൾക്കുമ്പോൾ ദിവാകരേട്ടന് ഇ ദുരിതത്തിനടയിലും ഒരു ചെറു ചിരി ഉള്ളിൽ തോന്നും, കാരണം മറ്റൊന്നുമല്ല ഗാരേജിലെ ബംഗാളി കാർപെന്റെർ കൊങ്കൻ, യെമ്മല്ലാറെ.. എന്നെ പറയു, എത്ര തവണ തിരുത്തി കൊടുത്താലും പല്ലവി പഴയതു തന്നെ, തെറ്റിദ്ധരിക്കണ്ട അവന്റെ അറിവുകേടല്ല ദിവാകരേട്ടന് ചിരിപ്പിക്കുന്നത് പറയുന്ന ശൈ ലിയാണ് ചിരി വരുത്തുന്നത്.
ഒരാഴ്ച് കഴിഞ്ഞ് എംബസിയിൽ എത്തിയപ്പോൾ പറഞ്ഞതു പോലെ, എമർജൻസി സർട്ടിഫിക്കറ്റ് റെഡിയായിരുന്നു, നാലു മടക്കുള്ള ഒരു നീളൻ കാർഡ്, അതിൽ ഒട്ടിച്ചിരിക്കുന്ന ഫോട്ടൊയിലേക്ക് വെറുതെ ഒന്ന് നോക്കി, പഴയ പാസ്‌പ്പോർട്ടിലെ ഫോട്ടൊ മനസ്സിൽ മിന്നി മാഞ്ഞു, കാലം കൊഴിഞ്ഞു തീരാറായി, ബാക്കി എത്ര നാൾ..
എമർജൻസി സർട്ടിഫിക്കറ്റിന്റെ കുടെ ഒരു ലെറ്റർ കൂടി കിട്ടിയിരുന്നു, അതും കൊണ്ട് ലവന്റെ യെമ്മല്ലാറെ.. യിൽ പോകണമെത്രെ.. ബാക്കി കാര്യങ്ങൾ അവർ പറയുമത്രെ...
ബസ് ഇറങ്ങി കുറച്ച് നടക്കാനുണ്ട് എൽ.എം.ആർ.എ ഒഫീസിലേക്ക്, ഇ എരി വെയിലത്ത് ഉള്ള നടത്തം അനുഭവിക്കാൻ പോലുമാകുന്നില്ല, ചിന്തകളുടെ ബാണ്ഡക്കെട്ടുകൾ തലക്ക് കനമേകുന്നു, മകൾക്ക് വന്നിരിക്കുന്ന ആലോചന നല്ലതാണന്നാണ് കേൾവി, ചെക്കന് നാട്ടിൽ തന്നെ ഒരു ചെറിയ കടയാണത്രെ എന്നാലും കുടുംബമായി ജീവിക്കാമല്ലൊ, 30 പവനെങ്കിലും കുറഞ്ഞത് കൊടുക്കണം, സ്വർണ്ണത്തിനാണങ്കിൽ ദിനം പ്രതി വില വർദ്ധിക്കുന്നു, പതിനയ്യായിരം വരെ എത്തി നില്ക്കുന്നു, എതായാലും ആകെ ഉള്ള പതിനെഞ്ച് സെന്റിൽ നിന്നും അഞ്ച് സെന്റ് വില്ക്കേണ്ടി വരും, പക്ഷെ ആധാരം ബങ്കിൽ പണയത്തിലാണല്ലൊ, ചിറയ്ക്കലെ ഗോവിന്ദൻ സഹായിക്കാം എന്ന് ഏറ്റിട്ടുണ്ട്, ഗൊവിന്ദൻ തരുന്ന പണം കൊണ്ട് ആധാരം തിരിച്ചെടുത്ത്, 5 സെന്റ് വില്പ്പന നടത്തി ഗൊവിന്ദന്റെ പണം തിരികെ കൊടുത്ത് ബാക്കി പണം കൊണ്ട് വേണം കാര്യങ്ങൾ നടത്താൻ, എന്നാലും തികയില്ല, വീണ്ടും പത്ത് സെന്റും പുരയിടവും പണയം ചെയ്ത് ലോൺ എടുക്കേണ്ടി വരും.
ശകത്മായ ഹോൺ അടികേട്ട് ദിവാകരേട്ടൻ ചിന്തയിൽ നിന്ന് മുക്തനായി, അപ്പോഴാണ് അറിയുന്നത് താൻ നില്ക്കുന്നത് റോഡിന്റെ നടുവിലാണ്, ഒരു കാറിന് മുന്നിൽ , കാറിനകത്തിരുന്ന് ഒരു അറബി ആക്രോശിക്കുന്നുണ്ട്, വേഗം റോഡ് ക്രോസ് ചെയ്ത് അപ്പുറത്തെത്തി, അപ്പോൾ കാണുന്നു എൽ.എം.ആർ.എ ഓഫീസിന്റെ വലിയ ബോർഡ്, ദിവാകരേട്ടൻ അങ്ങോട്ട് നടന്നു കയറി.
കൗണ്ടറിൽ ചെന്ന് ടോക്കൺ എടുത്ത് കാത്തിരുന്നു, ഒന്ന് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ ടോക്കൺ നമ്പർ സ്ക്രീനിൽ തെളിഞ്ഞു, അങ്ങോട്ട് ചെന്ന് കയ്യിലുള്ള പേപ്പേർസെല്ലാം കൊടുത്തു, അത് വാങ്ങിയ ശേഷം അവിടിരിക്കുന്ന അറബി ചോദിക്കുന്നത് സി.പി.ആർ കാർഡാണ്, (കാർഡ് ഫൊർ പോപ്പുലേഷൻ റജിസ്റ്റ്രേഷൻ) ഇവിടെ വരുന്ന എല്ലാവരുടെയും കയ്യിലുണ്ട്, ദിവാകരേട്ടന്റെ കയ്യിൽ എക്സ്‌പയറിയായ പഴയ ഒരു കാർഡാണ് ഉള്ളത്, അത് കൊടുത്തു, അതിലെ നമ്പർ കമ്പ്യുട്ടറിൽ അറമ്പി ടൈപ്പ് ചെയ്ത് നോക്കി, അയാളുടെ മുഖം ചുളിയുന്നു, എന്തൊക്കെയോ പിറുപിറുക്കുന്നു, അയാൾ പേപ്പേർസ് എല്ലാം എടുത്ത് അയാളുടെ സീനിയറിന്റെ കൗണ്ടറിലേക്ക് പോകുന്നു, അതിനുശേഷം തിരിച്ച് വരുന്നു, ദിവാകരേട്ടനോട് കമ്പ്യുട്ടറിനടുത്തുള്ള ഗ്ളാസ് കൊണ്ടുള്ള ചെറിയ ബോക്സിൽ കൈപത്തി അമർത്തി വെക്കാൻ പറയുന്നു അങ്ങിനെ ഇരു കൈപ്പത്തികളുടെയും തമ്പിങ്ങ് ബ്രഷ് എടുത്ത ശേഷം, കമ്പ്യുട്ടറിന്റെ ഡിജിറ്റൽ ക്യമറയിൽ ഫോട്ടൊ എടുത്തു, അതിനുശേഷം, അയാൾ ഒരു പ്രിന്റൗട്ട് എടുത്ത് അതിൽ അറബിയിൽ എന്തൊക്കെയോ എഴുതി ദിവാകരേട്ടന് നല്കി കൊണ്ട് പറഞ്ഞു എമിഗ്രേഷനിൽ പോ.., ഇതിൽ എല്ലാം എഴുതിയിട്ടുണ്ട്.
എമിഗ്രേഷനിലേക്കുള്ള യാത്ര പിറ്റേ ദിവസമാക്കാം എന്ന് വിചാരിച്ചു, കമ്പനിയിലെത്തി അവിടെ ജൊലി ചെയ്യുന്ന ഒന്ന് രണ്ട് അറബികളൊട് സഹായം ചൊദിച്ചെങ്കിലും മറുപടിയിലെ രസക്കേട് ഒറ്റക്ക് തന്നെ എമിഗ്രേഷനിലേക്ക് പോകാം എന്ന തീരുമാനമെടുത്തു.
എമിഗ്രേഷനിലെത്തി കൗണ്ടറിൽ പേപ്പ്പ്പേര്ഴ്സ് എല്ലാം കാണിച്ചു, അവർ അത് വാങ്ങി വായിച്ച് നൊക്കി എന്നിട്ട് പറഞ്ഞു, റൂം നമ്പർ 26 ൽ പോ, ദിവാകരേട്ടൻ ആ റൂമിന്റെ വാതില്ക്കൽ എത്തിയപ്പോൾ സെക്യുരിറ്റ് പോലീസ് തടഞ്ഞു, പേപ്പര്ഴ്സ് എല്ലാം നോക്കിയ ശേഷം അകത്തേക്ക് കടന്നോളഅൻ പറഞ്ഞു, അകത്ത് കടന്ന ദിവാകരേട്ടൻ ഒന്ന് പതറി അവിടെ നിറയെ എമിഗ്രേഷൻ പോലീസ്, ഒരാൾ പേപ്പേഴ്‌സെല്ലാം വാങ്ങി നോക്കി കംബ്യൂട്ടറിൽ ടൈപ്പ് ചെയ്ത് നോക്കി, പിന്നെ അവരുടെ ചോദ്യം ചെയ്യലായിരുന്നു, ദിവാകരേട്ടൻ നിന്ന് വിയർത്തു, ‘എന്ത്‌കൊണ്ട് ഇത്ര നാളായി വിസ അടിച്ചില്ല, പാസ്‌പ്പോർട്ട് കാണാതായ വിവരം സി.ഐ.ഡി ഡിപ്പർട്ട്‌മെന്റിനെ അറിയിച്ചില്ല, നിങ്ങൾ ബ്ലാക്ക് ലിസ്റ്റിലാണ് അത് അറിയുമൊ...
ഭാഗം 4
ദിവാകരേട്ടൻ എല്ലാത്തിനും ഒരു ഉത്തരമെ ഉണ്ടായിരുന്നുള്ളു, അന മാഫി മാലും, അർബാബ് ഫി മാലും, എനിക്കറിയില്ല, എല്ലാം അർബാബിന് അറിയുകയുള്ളു, അപ്പോൾ അവരുടെ ചോദ്യം ’മെനു ഇന്‌ത്ത അർബാബ്‘ ആരാണ് നിന്റെ അർബാബ് ’അബ്ബാസ് അലി‘ ദിവാകരേട്ടൻ മറുപടി നല്കി, മറുപടിക്കേട്ട് അവർ പരിഹസിച്ചു ’ നിന്റെ അർബാബ് ഷെയ്ക്കാണ് അബ്ബാസ് അലി അല്ല‘.
എനിക്കറിയില്ല ഞാൻ അബ്ബാസ് അലിയുടെ കുടെയാണ് ജോലി ചെയ്തിരുന്നത്, അവനാണ് എനിക്ക് വിസ തന്നത്, ദിവാകരേട്ടൻ അവരെ പറഞ്ഞു മനസ്സിലാക്കാൻ നന്നെ പാടുപ്പെട്ടു, ദിവാകരേട്ടന്റെ ദയനീയ ഭാവം കണ്ട് അവിടെ ഉണ്ടായിരുന്ന പാകിസ്ഥാനി പോലീസ്‌കാരൻ കാര്യങ്ങളെല്ലാം വിശദമായി അന്വേഷിച്ചു അയാൾ പറഞ്ഞു മുശ്ഖിൽ നഹി, തും ബാഹർ ബൈഠൊ.. മെം ബാത്ത്‌കരേഗാ...
ദിവാകരേട്ടൻ പുറത്ത് കാത്തിരുന്നു, മണിക്കുറുകൾ കഴിഞ്ഞു, പോലീസ്‌കാരൻ പുറത്തേക്ക് വന്നു, അയാൾ പറഞ്ഞു, ഇപ്പോൾ ഇസി എക്സിറ്റിന്റെ സമയമായതിനാൽ നിങ്ങൾ രക്ഷപ്പെട്ടു, അല്ലെങ്കിൽ ജയിലിൽ ആകുമായിരുന്നു, നിങ്ങളെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കി കൊണ്ടിരിക്കയാണ്, അതിന്‌ശേഷം മുദീറിന്റെ (സീനിയർ ഉദ്യോഗസ്ഥൻ) സിഗ്‌നേച്ചർ കിട്ടണം, അതിനു ശേഷം നിങ്ങളുടെ ക്ളിയറൻസ് ശരിയാകും ഇപ്പോൾ പോയിട്ട് ഒരാഴ്ച്ച കഴിൻഞ്ഞ് വാ..
തെല്ലൊരു ആശ്വാസത്തോടെ ദിവാകരേട്ടൻ തിരിച്ച് പോന്നു, ഒരാഴ്ച്ച കഴിഞ്ഞു വീണ്ടും എമിഗ്രേഷനിൽ എത്തി, പഴയ പോലീസ്‌കാരനെ കണ്ടു, പഴയതുപോലെ അയാൾ പുറത്തിരിക്കാൻ പറഞ്ഞു, അയാൾ അകത്ത് പോയി തിരിച്ചു വന്നു പറഞ്ഞു ’ റിപ്പോർട്ട് തയ്യാറായിട്ടില്ല ഇപ്പൊൾ പോയിട്ട് ഒരാഴ്ച്ച കഴിഞ്ഞ് വാ..‘. നിരാശനായി ദിവാകരേട്ടൻ മടങ്ങി, ഒരാഴ്ച കഴിഞ്ഞ് വീണ്ടും പൊയി, മറുപടി പഴയതു തന്നെ, രണ്ടു മൂന്ന് ആഴ്ച്ചകൾ വീണ്ടും വീണ്ടും പോയി ഫലം പഴയതു തന്നെ, റിപ്പോർട്ട് തയ്യാറായിട്ടുണ്ട് മുദീറിന്റെ സിഗ്‌നേച്ചർ കിട്ടിയിട്ടില്ല എന്നായി പിന്നെ മറുപടികൾ.
ഭാഗം 5
ദിവാകാരേട്ടൻ തീർത്തും അവശനായി, ശകതമായ മാനസിക പിരിമുറുക്കം അനുഭവിക്കുന്നു, ആരുണ്ട് ഒന്ന് സഹായിക്കാൻ, ആരോട് സഹായം അഭ്യർത്ഥിക്കും, ഒരു പിടിയും കിട്ടുന്നില്ല, എത്രനാൾ ഇവിടെ കയറി ഇറങ്ങേണ്ടി വരും, എനിക്ക് എന്ന് നാട്ടിലെത്താനാകും, ഈശ്വരാ എന്റെ മോളുടെ കല്ല്യാണം എന്റെ കുടുംബത്തിന്റെ പ്രതീക്ഷ, എത്ര നാളായി ഞാനെന്റെ ശാരദെയേയും മക്കളേയും കണ്ടിട്ട്, ഹ്രദയം വിണ്ടു കീറുന്നുണ്ട്, തല പൊട്ടിപൊളിയുന്നുണ്ട്, മുഖം പൊത്തിപിടിച്ച് ഒന്ന് കരഞ്ഞെങ്കിലോ എന്ന് പോലും തോന്നുന്നുണ്ട്,
നിനച്ചിരിക്കാതെ ഒരു കൈ ദിവാകരേട്ടന്റെ തോളിൽ വന്നു തട്ടി, മുഖം ഉയർത്തി നോക്കി സുമുഖനായ ഒരു 40 കാരൻ ‘ക്യാ ഹെ ബായ് കുച്ച് മുശ്‌ഖിൽ ഹെ..’
ദിവാകരേട്ടൻ അദ്ദേഹത്തോട് കാര്യങ്ങൾ വിശദമായി സംസാരിച്ചു, അദ്ദേഹം പറഞ്ഞു ‘നൊ പ്രോബ്ളം, തും ഫിക്കർ മത്ത്‌കരൊ’, അദ്ദേഹം പേപ്പേർസെല്ലാം വാങ്ങി അകത്തേക്ക് പോയി, കുറെ കഴിഞ്ഞ് അദ്ദേഹം തിരിച്ചു വന്നു എന്നിട്ട് പറഞ്ഞു ‘നൊ പ്രൊബ്ളം, എല്ലാം ശരിയാകും നിങ്ങൾ നാട്ടിൽ പോകാനുള്ള ടിക്കറ്റ് എടുത്തോളു, ആ ടിക്കടുമായ് വന്ന് ഇവിടെ റിപ്പോർട്ട് ചെയ്താൽ മതി, കാര്യങ്ങളെല്ലാം എർപ്പാടിക്കിയിട്ടുണ്ട്, ഒക്കെ.. ഡോണ്ട് വറി..’ അദ്ദേഹം യാത്ര പറഞ്ഞിറങ്ങുമ്പോൾ പേഴ്‌സിൽ നിന്നും അദ്ദേഹത്തിന്റെ കാർഡ് എടുത്ത് നല്കി ‘ ഇഫ് യു വാണ്ട് എനി ഹെല്പ്, കാൾ മി,,,’.
ദിവാകരേട്ടൻ ആ കാർഡിലേക്ക് നോക്കി നിന്നു.. ‘ക്രിസ്റ്റഫർ’ മെമ്പർ ഓഫ് മൈഗ്രേറ്റഡ് ലേബർ സർവീസ് സൊസൈറ്റി.
ദൈവം ഇങ്ങനെയാണ് പരീക്ഷിച്ച് കൊണ്ടേ ഇരിക്കും, ദുരിതം നല്കി മനസ്സ് വെന്ത് പാകമാകുമ്പോൾ എന്തെങ്കിലും ആശ്വാസം കണ്ടെത്തി തരും, അതെ ‘ക്രിസ്റ്റഫർ’ ദൈവം നല്കിയ ആശ്വാസം.
ഇനി കമ്പനി ഓഫീസിൽ പോകണം, ഇന്നിനി നടക്കില്ല, രാവിലെ മുതലുള്ള അലച്ചിലാണ് സമയം 4 മണിയാകുന്നു, ഒന്നും കഴിച്ചിട്ടില്ല, നല്ല വിശപ്പുണ്ട്, കമ്പനി ഒഫീസിൽ നാളെ പോകാം, ടിക്കറ്റിന്റെ കാര്യം സംസാരിക്കണം 15ആം തിയ്യതിക്ക് ടിക്കറ്റ് എടുപ്പിക്കണം അതിന് മുമ്പ് കുറച്ച് കാര്യങ്ങൾ ഇവിടെ ചെയ്ത് തീർക്കനുണ്ട്, ഒന്ന് രണ്ട് പേർക്ക് കടമുണ്ട്, കോൾഡ് സ്റ്റോറിലെ പറ്റ് തീർക്കണം, വർഷങ്ങൾക്ക് ശേഷം നാട്ടിൽ പോകുന്നതല്ലെ അത്യാവശ്യം കുറച്ച് സാധങ്ങൾ വങ്ങണം, എല്ലാത്തിനും പണം വേണം, സാലറി മേടിക്കണം, പിന്നെ 25 വർഷത്തെ സർവീസ് മണി, ലീവ് സാലറി, ഇന്റമിനിറ്റി എല്ലാം കിട്ടുമായിരിക്കും.
ബസുകൾ മാറി കേറി താമസ സ്ഥലത്ത് എത്തുമ്പോൾ സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു, ഭാഗ്യത്തിന് സഹ മുറിയൻ മധു ഭക്ഷണം ഉണ്ടാക്കി വെച്ചിരിക്കുന്നു, കയ്യും മുഖവും കഴുകി വന്നിരുന്ന് ഭക്ഷണം കഴിച്ചു, ഒരു ആശ്വാസം തോന്നുന്നു, ക്രിസ്റ്റഫറെ ഒന്നു വിളിക്കണം, ഒരു നന്ദി വാക്കു പോലും അദ്ദേഹത്തോട് പറഞ്ഞില്ലലൊ, അപ്പോഴത്തെ മാനസികാവസ്ഥ അതായിരുന്നു, ആകുലത നിറഞ്ഞതായിരുന്നു.
സാവകാശം കട്ടിലിൽ വന്നിരുന്നു, സമാധന പൂർവം മൊബയിൽ എടുത്ത് ക്രസ്റ്റഫറിന്റെ നബർ അദ്ദേഹം തന്ന വിസിറ്റ് കാർഡിൽ നോക്കി അമർത്തി, ഹലൊ.. ക്രിസ്റ്റഫർ സർ, മെം ദിവാകരൻ ബാത്ത്‌കർത്താഹെ...
ക്രിസ്റ്റഫറിനോട് വേണ്ടുവോളം നന്ദി പറഞ്ഞു പ്രകടിപ്പിച്ചു, അപ്പോഴാണ് അദ്ദേഹം ഒരു കാര്യം കുടി ഓർമ്മിപ്പിക്കുന്നത്, എമിഗ്രേഷനിൽ പണം അടയ്കേണ്ടി വരും 100 ദിനാർ കരുതിക്കൊ. നിങ്ങളുടെ വിസയുടെ ഇത്രയും നാളത്തെ ഫൈൻ വളരെ വലിയ തുകയാണ് പക്ഷെ ഇപ്പോൾ നിങ്ങൾക്ക് ഇളവ് ലഭിക്കും ഏതായാലും 100 ദിനാർ വരും..
പിറ്റേന്ന് രാവിലെതന്നെ ഓഫീസിലെത്തി, സെക്രട്ടറിയോട് കാര്യങ്ങൾ വിശദമാക്കി, സെക്രട്ടറി ഫോണിൽ അർബാബുമായി സംസാരിച്ചു അതിനുശേഷം കിട്ടിയ മറുപടി വൈകുന്നേരം വീണ്ടും വരണം അപ്പോൾ ടിക്കറ്റും പണവും തരാം എന്നായിരുന്നു, തിരിച്ചു പോന്നു മുറിയിൽ കഴിച്ചു കുട്ടി, വൈകുന്നേരം ഓഫീസിലെത്തിയപ്പോൾ ടിക്കറ്റ് റെഡിയായിരുന്നു, കിട്ടിയ പണം എണ്ണി നോക്കിയപ്പോൾ ഒന്നര മാസത്തെ ശമ്പളവും പിന്നെ എമിഗ്രേഷനിൽ അടയ്ക്കാനുള്ള നൂർ ദിനാർ അധികവുമുണ്ട്,അപ്പോൾ എന്റെ 25 വർഷത്തെ ലീവ് സാലറി, ഇന്റമിനിറ്റി, സർവീസ് മണി അതിനെ കുറിച്ചൊക്കെ ചോദിച്ചപ്പോൾ അതെല്ലാം നാട്ടിൽ പോകുന്ന ദിവസം തരും എന്നാണ് അർബാബ് പറഞ്ഞിരിക്കുന്നതത്രെ..
കഥ തുടരും...
ഭാഗം 6
ഏതായാലും അര്‍ബാബിനെ ഫോണില്‍ വിളിച്ചു, 'മാഫി മുശ്‌ഖില്‍ ഡിവാകറാ... നിന്റെ പണം 15നു തരാം, നിന്റെ ഫ്ലൈറ്റ് ടൈം രാത്രിയല്ലെ, നീ രാവിലെ എമിഗ്രേഷനില്‍ പോയി എല്ലാം ശരിയാക്കിയതിനു ശേഷം ഓഫീസിലേക്ക് വരു, നിന്റെ പണം തരാം, ഇന്ന് തന്നെ നിന്റെ പണം മുഴുവന്‍ തരണം എന്ന് വിചാരിച്ചതായിരുന്നു, സാധിച്ചില്ല, വിചാരിച്ച ഒരു പേമന്റ് കിട്ടിയില്ല, നിനക്കറിയാമല്ലൊ ഇപ്പോഴത്തെ അവസ്ഥ ബിസിനസ് വളരെ മോശമാണ്, എന്നാലും നിന്റെ പണം മുഴുവന്‍ ഞാന്‍ തരും 25 വര്‍ഷം എന്റെ കുടെ ജോലി ചെയ്തതല്ലെ..'
ടിക്കറ്റ് എടുത്ത ശേഷം എമിഗ്രേഷനില്‍ പോയി റിപ്പോര്‍ട്ട് ചെയ്യനാണ് ക്രിസ്റ്റഫര്‍ പറഞ്ഞിരുന്നത്, അതിനാല്‍ വീണ്ടും എമിഗ്രേഷനില്‍ പോകേണ്ടി വന്നു, 15നു വീണ്ടും വരണം എന്ന് അവര്‍ അറിയിച്ചു.
ഇന്ന് തിയ്യതി 13 ഇനി സമയം അധികമില്ല കാര്യങ്ങളെല്ലാം പെട്ടന്ന് തീര്‍ക്കണം, അത്യാവശ്യം സാധനങ്ങള്‍ വാങ്ങാന്‍ ഗല്ലികളിലെ കടകളിലും സുപ്പര്‍മാക്കറ്റുകളും കയറി ഇറങ്ങി, പിന്നെ കടം വാങ്ങിയ ചെറിയ ബാധ്യതകള്‍ എല്ലാം തീര്‍ത്തു, കോള്‍ഡ് സ്റ്റോറിലെ കടവും തീര്‍ത്തു, തിരിച്ച് താമസ സ്ഥലത്ത് എത്തിയപ്പോള്‍ പോക്കറ്റ് കാലിയായി കിട്ടിയ പണമെല്ലാം തീര്‍ന്നു, എമിഗ്രേഷനില്‍ അടയ്ക്കാനുള്ള 100 ദിനാര്‍ മാത്രം മിച്ചമുണ്ട്.
നിബു വിളിച്ചിട്ടുണ്ടായിരുന്നു മുറിയിലേക്ക് വരുന്നുണ്ട് എന്ന് പറഞ്ഞിരുന്നു, പറഞ്ഞതുപോലെ അവന്‍ വന്നു , നിബുവും മധുവും കുടി കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ സാധനങ്ങള്‍ അടുക്കിവെച്ച് ഭദ്രമായി കെട്ടി വെച്ചു, അതിനു ശേഷം ദിവാകരേട്ടനെ നിബു സ്വകാര്യമായി വിളിച്ചു എന്നിട്ട് ചോദിച്ചു.
'എന്താണ് ഇനി പ്ലാന്‍, നാട്ടില്‍ ചെന്നിട്ട് എന്തു ചെയ്യാനാണ് പരിപാടി, തിരിച്ച് ഇങ്ങോട്ട് വരാന്‍ പറ്റില്ലലൊ... '
ദിവാകരേട്ടന്റെ മറുപടി പെട്ടന്നായിരുന്നു ' ഒരു പ്ലാനുമില്ല നിബു, എനിക്കറിയില്ല, എന്റെ തലയിലിപ്പോള്‍ മോളുടെ കല്ല്യാണക്കാര്യം മാത്രമെ ഉള്ളു, പിന്നീടുള്ളതെല്ലാം ദൈവ നിശ്ചയം പോലെ നടക്കട്ടെ, കംബനിയില്‍ നിന്ന് കിട്ടാനുള്ള തുകയെല്ലാം കിട്ടുമെങ്കില്‍ ആശ്വാസമാകും, നാട്ടില്‍ ചെറിയ കടയൊ മറ്റൊ തുടങ്ങാം.
യാത്ര പറഞ്ഞിറിങ്ങുമ്പോള്‍ അവന്‍ പോക്കറ്റില്‍ കുറച്ച് നോട്ടുകള്‍ തിരുകി വെച്ചു തന്നു, വേണ്ട എന്ന് എത്ര നിര്‍ബദ്ധിച്ചിട്ടും കാര്യമുണ്ടായില്ല, അവന് മറ്റന്നാള്‍ എന്നെ യാത്രയാക്കാന്‍ വരാന്‍ പറ്റില്ലത്രെ, ജോലിയുണ്ടത്രെ.
അന്നത്തെ ദിവസം അങ്ങിനെ, കഴിഞ്ഞു പിറ്റേന്ന് വളരെ വൈകിയാണ് എഴുന്നേല്‍ക്കുന്നത്, നാളുകള്‍ക്ക് ശേഷമാണ് ഇത്ര ദീര്‍ഘമായി ഉറങ്ങുന്നത്, ഇന്ന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല, മനസ്സിന് സമാധാനമുണ്ട്, കുറച്ച് പേരൊട് വിളിച്ച് യാത്ര പറയാനുണ്ട്, നാട്ടില്‍ വിളിച്ച് കാര്യങ്ങളെല്ലാം എര്‍പ്പാടാക്കണം, വെളുപ്പിന് നാട്ടില്‍ ലാന്റ് ചെയ്യും, എയര്‍പ്പോര്‍ട്ടില്‍ സ്വീകരിക്കാന്‍ ശാരദയും മക്കളും ഉണ്ടാകണം, അവര്‍ എയര്‍പ്പോര്‍ട്ടിലേക്ക് വരാന്‍ അജയന്റെ കാര്‍ എല്‍പ്പിച്ചാല്‍ മതി അവനാണങ്കില്‍ നല്ല വിനയമുള്ള പയ്യനാണ്..
അന്നത്തെ അത്താഴത്തിനു ശേഷം ഒരു ബീഡിയും പിടിപ്പിച്ച് മുറിക്ക് പുറത്തിട്ടിരിക്കുന്ന ബഞ്ചില്‍ കൈ തലയ്ക്ക് താങ്ങ് നല്കി ചരിഞ്ഞു കിടന്നു, ആകാശത്തിന്റെ അനന്ദതയില്‍ കണ്ണും നട്ട് അങ്ങിനെ കിടക്കുമ്പോള്‍ എന്തൊക്കെയൊ മാറി നീങ്ങുന്ന അവ്യക്തമായ കാഴ്ച്ച കാണാം, ദിവാകരേട്ടന്‍ ഒരു നെടുവീര്‍പ്പിട്ടു, കൊഴിഞ്ഞു തീരാറായ ജന്മം, എന്തൊക്കെ അനുഭവിച്ചു തീര്‍ത്തു, എല്ലാം ഒര്‍ത്തെടുത്ത് എഴുതുകയാണെങ്കില്‍ ഒരു നോവല്‍ എഴുതാം, ഉള്ളില്‍ ഒരു പരിഹാസ ചിരി പൊട്ടി, എഴുതുന്ന ആരെങ്കിലോടും നോവല്‍ എഴുതാന്‍ പറയണം, പണ്ടൊക്കെ കുറച്ചൊക്കെ വായിക്കുമായിരുന്നു, മെഴുക്കു പുരട്ടിയ ഭാഷയില്‍ എഴുതുന്ന കഥയേക്കാല്‍ എനിക്കിഷ്ടം നഗ്ന ജീവിതം ലളിത ഭാഷയില്‍ വായിക്കുന്നതാണ്.
പട്ടിണി പരിവട്ടമായ കുട്ടിക്കാലം, 3 പെങ്ങന്മാര്‍ക്ക് കുടി ഒരാങ്ങള, അതിനാല്‍ ചെറുപ്രായത്തിലെ വേല ചെയ്യാന്‍ ഇറങ്ങേണ്ടി വന്നു, അച്ചന്‍ രോഗിയായിരുന്നു അച്ഛന്റെ ചികിത്സയ്ക്കായ് പണത്തിനു വേണ്ടി ചെയ്യാത്ത ജോലികളില്ല, അവസാനം ബോംബയിലേക്ക് വണ്ടി കയറി, അവിടെ ബീച്ചില്‍ ഇളനീര്‍ കച്ചവടം നടത്തി പണമുണ്ടാക്കി അങ്ങിനെ അവിടെ നിന്നും ഒരു റിക്രൂട്ട് മെന്റ് എജന്റ് വഴി കയറിപ്പോന്നതാണ് ഗല്‍ഫില്‍, ഇവിടെ നിന്ന് സംബാദിച്ചതെല്ലാം പെങ്ങന്മാരുടെ കല്ല്യാണങ്ങള്‍ക്കായിരുന്നു, അതിനിടയില്‍ ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു, അമ്മ വീട്ടില്‍ ഉണ്ട്, വയസ്സ് അധികമായതിനാല്‍ ഒര്‍മ്മ ശകതി നഷ്ടപ്പെട്ടു, കുട്ടിയെ നോക്കുന്ന പോലെ ശാരദ അമ്മയെ പരിപാലിക്കുന്നുണ്ട്.
സഹോദരിമാര്‍ സുഖമായി ജീവിക്കുന്നു, അതൊരു ആശ്വാസം, അവര്‍ പാവങ്ങള്‍ ആകെ ഉള്ള കുടുമ്പസ്വത്ത് എന്റെ പേര്‍ക്ക് എഴുതി നല്‍കി, കുടുമ്പ സ്വത്ത് എന്ന് പറയാവുന്നത് 15 സെന്റും ഒരു കുടിലും അന്നത്തെ മണ്‍ കട്ടകള്‍ കൊണ്ട് കെട്ടി പൊക്കിയ ചെറിയ ഒരു ഓലപുര, അത് പൊളിച്ച് പുതിയ ഒരു ചെറിയ വീട് പണിയാന്‍ ശ്രമിച്ചു, അത് ഇപ്പോഴും പണി തീരാത്ത വീടായി നില്‍ക്കുന്നു..
ഭാഗം 7
പിറ്റേന്ന് അതിരാവിലെ തന്നെ എമിഗ്രേഷനിൽ എത്തി, കാത്തിരിക്കാൻ പറഞ്ഞിരിക്കുകയാണ്, അതെ കാത്തിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ 2 ആകുന്നു, ഇവിടന്നുള്ള കാര്യങ്ങൾ കഴിഞ്ഞ് വേണം കംബനി ഓഫീസിലെത്താൻ, കിട്ടാനുള്ള പണം വാങ്ങണം എന്നാലെ ഉദ്ദേശിച്ച കാര്യങ്ങൾ ബുദ്ധിമുട്ടില്ലാതെ നടത്താൻ സാധിക്കുകയുള്ളു.
ഒരു മണിക്കുർ കുടി കഴിഞ്ഞപ്പോൾ അകത്തേക്ക് വിളിപ്പിച്ചു, സ്പോൺസറെ കുറിച്ച് വല്ല പരാധി ഉണ്ടെങ്കിൽ ബൊധിപ്പിക്കാൻ ആവശ്യപ്പെട്ടു, ഒരു പരാധിയുമില്ല എന്ന് പറഞ്ഞു, ഇനി എന്ത് പരാധി, എങ്ങിനെയെങ്കിലും നാട്ടിൽ എത്തണം, ആ ചിന്ത മാത്രമെ ഉള്ളു, അവർ കുറെ പേപ്പറിൽ ഒപ്പിടുവിച്ച് വാങ്ങി, അതിനു ശേഷം കൗണ്ടറിൽ പോയി പണം അടച്ചു തിരിച്ചു വരാൻ ആവശ്യപ്പെട്ടു, 90 ദിനാർ അടയ്ക്കേണ്ടി വന്നു, തിരിച്ച് വന്നപ്പോൾ വീണ്ടും കാത്തിരിക്കാൻ പറഞ്ഞു.
മണിക്കുറുകൾ കൊഴിയുന്നു, അപ്പോഴാണ് സമയം നൊക്കുന്നത് ദൈവമെ സമയം 12 മണിയാകുന്നു 12.30 ന് കംബനി ഓഫീസ് അടയ്ക്കും ഉച്ചയ്ക്ക് ബ്രേക്ക് ടൈം ആണ്, അത് കഴിഞ്ഞ് 3.30 നെ തുറക്കു പിന്നെ 6 മണി വരെ ഉള്ളു, അർബാബിനെ ഒന്ന് മൊബൈലിൽ വിളിച്ചു, ‘ഡിവാകറാ , മാഫി മുശ്ഖിൽ... ഓഫീസ് സമയം കഴിഞ്ഞാലും ഞാൻ നിന്റെ താമസ സ്ഥലത്ത് പണം എത്തിക്കും, ഡൊണ്ട് വറി..“
ഫ്ളൈറ്റിന്റെ സമയം രാത്രി 11 മണി ആണ്, 3 മണിക്കുർ മുമ്പ് ഏയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം എന്നാണ്, അതിനാൽ 8 മണിക്ക് എയർപോർട്ടിൽ എത്തിചേരണം, മധു ഒരു ടാക്സി 7 മണിക്ക് എർപ്പാടാക്കിയിട്ടുണ്ട്, ഇവിടുത്തെ കാര്യങ്ങളെല്ലാം കഴിഞ്ഞ് ഇനി എപ്പോഴാണാവൊ താമസ സ്ഥലത്ത് എത്താൻ പറ്റുക.
ഒരു മണിയായപ്പോൾ അകത്തേക്ക് വിളിപ്പിച്ചു, ഒരു പോലീസ് കാരൻ ദിവാകരേട്ടനെ ഒരു പ്രതേക മുറിയിലേക്ക് കുട്ടി കൊണ്ട് പോയി, അവിടെ ചെന്നപ്പോൾ രണ്ട് പേർ കുടി അവിടിരിക്കുന്നു, പരിചയപ്പെട്ടു, മലയാളികളാണ് തന്നെ പോലെതന്നെ നാട്ടിൽ പോകാൻ വന്നവർ, കുറച്ച് കഴിഞ്ഞ് ഒരു പോലീസ് കാരൻ വന്നു, അയാളുടെ കയ്യിൽ വിലങ്ങുകൾ...
അയാൾ മറ്റ് രണ്ട് പേരേയും വിലങ്ങണിയിച്ചു, അവസാനം അയാൾ ദിവാകരേട്ടന്റെ അരികിലെത്തി കൈകൾ നീട്ടാൻ ആവശ്യപ്പെട്ടു, ഉള്ളിൽ ഒരു അഗ്നി പർവ്വതം പൊട്ടിത്തെറിക്കുന്നു, എന്താണ് സംഭവിക്കുന്നത് എന്നറിയില്ല, യാന്ത്രികമായി കൈകൾ നീട്ടി, പൊലീസ് കാരൻ വിലങ്ങണിയിച്ചതിനുശേഷം അവിടെ നിന്നും പോയി.
ഇതിലും വലിയ ആത്മനിന്ദ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല, ഇതിലും വലിയ മാനക്കേട് അനുഭവിച്ചിട്ടില്ല, ജീവിതത്തിൽ ഇന്നേവരെ ആരെയും ഉപദ്രവിച്ചിട്ടില്ല, കഴിയുന്ന സഹായം ചെയ്തിട്ടെ ഉള്ളു, എന്നിട്ടും എന്തിനീ വിധി, ഒരു കുറ്റവാളിയെ പോലെ കയ്യിൽ വിലങ്ങും അണിഞ്ഞ്, തൊണ്ട വരളുന്നു, ശരീരം തളരുന്നു..
ദിവാകരേട്ടൻ അവിടെ തളർന്നിരുന്നു, ഇ ഞെട്ടലിൽ നിന്നും മുക്തമാകുന്നില്ല, എങ്കിലും കുടെ ഉള്ളവരോട് കുറച്ച് വെള്ളം വേണം എന്ന് പറഞ്ഞു, അവർ കാവൽ നില്ക്കുന്ന പോലീസ് കാരനെ അറിയിച്ചു, അയാൾ വെള്ളം ഇരിക്കുന്ന സ്ഥലം കാണിച്ചു കൊടുത്തു.
വെള്ളം കുടിച്ച് ദിവാകരേട്ടൻ കുടെ ഉള്ളവരുടെ മുഖത്തേക്ക് നോക്കി, അവർ ആശ്വസിപ്പിച്ചു, വയ്യ അല്ലെ.. അസുഖം വല്ലതും ഉണ്ടൊ, ഇനി വയ്യങ്കിലും അത് പുറത്ത് കാണിക്കണ്ട, നാട്ടിൽ പോകുന്നത് മുടങ്ങും, നമ്മളെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കയാണ്, ഇനി ജഡ്ജിയുടെ മുമ്പിൽ ഹാജരാക്കും, അതിനു ശേഷം അവർ തന്നെ എയർപ്പോർട്ടിൽ കൊണ്ട് വിടും, പിന്നെ നേരെ നാട്ടിലേക്ക്...
സത്യത്തിൽ ദിവാകരേട്ടനെ കുടുതൽ തളർത്തുകയായിരുന്നു അവരുടെ വാക്കുകൾ, ഇനി എന്തു ചെയ്യും, ഇത്രമാത്രം ജനങ്ങൾ കുടുന്ന എയർപൊർട്ടിൽ എന്നെ വിലങ്ങും അണിയിച്ച് കൊണ്ട് പോകുമൊ, ഞാൻ വാങ്ങി വെച്ച സാധങ്ങൾ, കമ്പനിയിൽ നിന്നും കിട്ടാനുള്ള പണം എല്ലാം നഷ്റ്റമാകും.
വിലങ്ങണിയിച്ച കാരണം ഇരു കൈകൾ കൊണ്ട് വേണം മൊബൈൽ പിടിക്കാൻ, അർബാബിനെ വിളിച്ചതാണ് ’ മാഫി മുശ്‌ഖിൽ ഡിവാകറാ... നിന്റെ പണം എയർപൊർട്ടിൽ കൊണ്ട് തരാം...
മധുവിനെ വിളിച്ച് കാര്യം പറഞ്ഞു, സാധനങ്ങൾ എയർപോർട്ടിൽ എത്തിക്കാം എന്ന് മധു പറഞ്ഞു, നാട്ടിൽ പോകുമ്പോൽ ഉടുക്കാൻ വാങ്ങിയ പുതിയ പാന്റും ഷർട്ടും, പിന്നെ ചെരിപ്പും മുറിയിൽ തന്നെയാണ്, ആര് കരുതി എന്റെ നാട്ടിലേക്കുള്ള യാത്ര ഇങ്ങനെ ആകും എന്ന്, ആരും ഒന്നും പറഞ്ഞില്ല..
എയർപോർട്ടിലേക്കുള്ള യാത്രയെ കുറിച്ച് ചിന്തിക്കാനെ സാധിക്കുന്നില്ല, വിലങ്ങും അണിഞ്ഞ് ജങ്ങൾക്കിടയിലൂടെ, ആലോചിക്കുംബോൾത്തന്നെ ഇപ്പൊത്തന്നെ ഒന്ന് മരിച്ച് കിട്ടിയിരുന്നെങ്കിൽ എന്നാശിക്കുന്നു.
മനസ്സിൽ വന്ന ദൈവങ്ങളോടെല്ലാം പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നു, ഇ അപമാനത്തിൽ നിന്ന് എന്നെ രക്ഷിക്കണേ..
ഒരു പോലീസ് കാരൻ വന്നു എല്ലാവരുടെയും കയ്യിലുള്ള മൊബൈലുകളെല്ലാം വാങ്ങി കൊണ്ട് പോയി, ഇനി ആരെയും വിളിക്കാൻ സാധിക്കില്ല.
4 മണിയായപ്പോൾ ജഡ്‌ജിയുടെ മുറിയിലേക്ക് കുട്ടി കൊണ്ട് പോയി, അവിടുന്ന ആചാരങ്ങളെല്ലാം കഴിഞ്ഞപ്പോൾ, പിന്നെ പൊലീസ് പുറത്തേക്ക് കുട്ടി കൊണ്ട് വന്ന് പുറത്തിട്ടിരിക്കുന്ന ഒരു പോലീസ് ജീപ്പിൽ കയറി ഇരിക്കാൻ പറഞ്ഞു, ആ ജീപ്പ് പോയത് ഒരു പോലീസ് സ്റ്റേഷനിലേക്കാണ്..
ഭാഗ്യം, സ്റ്റേഷനിലെ മുറിയിൽ പ്രവേശിപ്പിച്ചപ്പോൾ അവർ വിലങ്ങ് അഴിച്ചു, ഒരു ആശ്വാസം ദൈവങ്ങൾ പ്രാർത്ഥന കേട്ടു, പോലീസ് കാർ പറയുന്നത് ഇനി ഇവിടെ നിന്നും 8 മണിക്ക് എയർപോർട്ടിൽ എത്തിക്കും എന്നാണ്, ‘അപ്പോൾ അർബാബ് അവിടെ ഉണ്ടാകാം എന്ന് പറഞ്ഞിട്ടുണ്ട്, പണം തരാം എന്ന് പറഞ്ഞിട്ടുണ്ട്, മധു സാധനങ്ങൾ എത്തിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.
എയർപോർട്ടിലേക്ക് പുറപ്പെടുംബൊൾ പിടിച്ച് വച്ചിരുന്ന മൊബൈൽ തിരിച്ച് കിട്ടി, 8 മണിക്ക് തന്നെ എയർപോർട്ടിൽ എത്തി ചേർന്നു, മധുവിനെ മൊബൈലിൽ വിളിച്ചു, മധു പെട്ടിയുമായി അവിടെത്തന്നെ ഉണ്ടായിരുന്നു, അർബാബിന്റെ മൊബൈലിൽ വിളിച്ചു, മറുപടി പെൺശബ്ദത്തിലുള്ള സന്ദേശമാണ്... ലായുമ്‌ഖിനു.... ദ നബർ യു അർ ഡയൽഡ് ഇസ് സ്വിച്ചിട് ഒഫ്....
കുടെ നില്ക്കുന്ന പോലീസ്‌കാരൻ ധ്രതികുട്ടി.. യാ.. അള്ളാ റുഹ് ലാ.. (വേഗം പോകു...
ദിവാകരേട്ടൻ മറ്റൊരു മഹാ പ്രപഞ്ചത്തിന്റെ കവാടത്തിലേക്കെന്നോണം എയർപൊർട്ടിനുള്ളിലേക്ക് കടന്നു.
====================================== ടി.എസ്. നദീർ